ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു.
എല്ലാ കടകളും ഒരേ ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. പകുതി കടകള്‍ ഒരു ദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം.ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസവും രാവിലെ മുതല്‍ രാത്രി എട്ട് മണി വരെ തുറക്കാനും അനുമതി നല്കി.അന്‍പത് ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രോയും സര്‍വീസ് നടത്തും.
ഇ-കൊമേഴ്സ് പ്ളാറ്റ്ഫോമുകളിലൂടെയുള്ള ഹോം ഡെലിവറിയും അനുവദിച്ചു.സ്വകാര്യ ഓഫീസുകള്‍ക്ക് അന്‍പത് ശതമാനം ജീവനക്കാരോടെ തുറന്ന് പ്രവര്‍ത്തിക്കാം. അതേസമയം സാധ്യമായ സ്ഥാപനങ്ങളിലെല്ലാം നിലവിലെ വര്‍ക്ക് ഫ്രം ഹോം സൗകര്യം വ്യാപകമായി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഓക്സിജന്റെ വിതരണം ഉറപ്പു വരുത്താന്‍ കൂടുതല്‍ പ്ളാന്റുകള്‍ ആരംഭിക്കുമെന്നും കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളെ കണ്ടെത്താന്‍ രണ്ട് ജീനോം ട്രാക്കിംഗ് ലാബുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post