ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞ് ട്വിറ്റര്‍. അതേസമയം, വെങ്കയ്യ നായിഡുവിന്റെ വെരിഫിക്കേഷന് ടിക്ക് മണിക്കൂറുകള്‍ക്കകം പുനഃസ്ഥാപിച്ചു. എന്നാല്‍ മോഹന്‍ ഭാഗവതിന് പുറമെ, ചില ആര്‍എസ്എസ് നേതാക്കളുടെ ബ്ലു ടിക് ട്വിറ്റര്‍ കൂട്ടത്തോടെ നീക്കം ചെയ്തിട്ടുണ്ട്.
ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, നിലവിലെ സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരുടെ ബ്ലൂ ടിക്കും നഷ്ടമായിരുന്നു. മോഹന്‍ ഭാഗവതിന്റേതടക്കം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ആറ് മാസത്തിനിടെ അക്കൗണ്ടില്‍ സജീവമാകാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ട്വിറ്റര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ആരോപണത്തില്‍ ബിജെപി നേതാക്കളുടെ ട്വീറ്റില്‍ കൃത്രിമം എന്ന് ടാഗ് ചെയ്തത് മുതല്‍ കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ നിയമം സംബന്ധിച്ച് ട്വിറ്ററിന് ഇന്ന് കേന്ദ്രം അന്തിമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാന്‍ വേണ്ടിയാണ് ട്വിറ്റര്‍ ബ്ലൂടിക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബ്ലൂ ടിക്ക് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.
Discussion about this post