ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ടിലെ നീല ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റർ. അതേസമയം അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ ‘വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ’ യിൽ നിന്ന് നീല ബാഡ്ജ് നീക്കം ചെയ്തിട്ടില്ല.
അക്കൗണ്ടുകളിലെ ആധികാരികതയും മറ്റുമനുസരിച്ചാണ് ട്വിറ്റർ ബ്ലൂ ടിക് വേരിഫിക്കേഷൻ നൽകുന്നത്. സാധാരണ നിലയിൽ ട്വിറ്റർ അക്കൗണ്ടിലെ പേരോ വിവരങ്ങളോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തുകയോ, ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുകയോ, അല്ലെങ്കിൽ നിയമലംഘനം നടത്തുകയോ ചെയ്യുമ്പോഴാണ് ട്വിറ്റർ നീല ബാഡ്ജ് അക്കൗണ്ടിൽ നിന്ന് ഒഴിവാക്കുന്നത്.
ആറു മാസത്തിലധികമായി വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഉപരാഷ്ട്രപതി ഉപയോഗിച്ചിട്ടില്ലെന്നും ഇതാണ് ബ്ലൂ ടിക്ക് ഒഴിവാക്കാൻ കാരണമെന്നുമാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.2020 ജൂലൈ 23നാണ് വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്നും അവസാന ട്വീറ്റ് വന്നിരിക്കുന്നത്