ചെന്നൈ : ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ ഒമ്പത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് വയസ്സുള്ള പെണ്‍സിംഹം ചത്തത് കോവിഡ് ബാധ മൂലമാണെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു.
ചത്ത സിംഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കോവിഡ് ബാധിച്ചിരുന്നതായി അധികൃതര്‍ സംശയിക്കുന്നതായും തമിഴ്‌നാട് വനംവകുപ്പിന്റെ വന്യജീവി ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഒരു സിംഹം ചത്തതിനെത്തുടര്‍ന്നാണ് മറ്റ് സിംഹങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്കാണ് സാമ്പിളുകള്‍ അയച്ചത്.
കോവിഡ് ബാധിച്ച മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി മൃഗശാല അധികൃതര്‍ ഹൈദരാബാദ് മൃഗശാലയുമായി ബന്ധപ്പെട്ടിട്ടുണ്ട്.ഇവിടെ നേരത്തേ ചില മൃഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. മൃഗങ്ങളുടെ ചികിത്സയെ സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിന്റെ മാര്‍ഗനിര്‍ദേശവും ലഭിച്ചിരുന്നു.
വണ്ടല്ലൂര്‍ മൃഗശാല സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ അടച്ചിരുന്നു.കോവിഡ് ബാധ തടയുന്നതിനുള്ള മുന്‍കരുതലുകളെടുത്തിട്ടും എങ്ങനെയാണ് സിംഹങ്ങള്‍ക്ക് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതതയില്ല.