ചെന്നൈ: വനിതകള്‍ക്കു പിന്നാലെ ഭിന്നലിംഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സിറ്റി ബസുകളില്‍ ഇനി യാത്ര സൗജന്യം. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ആണ് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ 98ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. തമിഴ് മക്കള്‍ ഇരുകൈയും നീട്ടിയാണ് പുതിയ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
അധികാരമേറ്റതിന് തൊട്ടുപിന്നാലെ, സ്ത്രീകള്‍ക്കു ബസില്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 പലചരക്കു സാധനങ്ങളടങ്ങിയ കിറ്റിന്റെ വിതരണവും കോവിഡ് ദുരിതാശ്വാസത്തിനായി നല്കുന്ന തുകയുടെ രണ്ടാം ഘട്ടത്തിന്റെ വിതരണവും ജന്മദിനാചരണത്തോട് അനുബന്ധിച്ചു നടന്നു.
സംസ്ഥാനത്താകെ 38,000 വൃക്ഷതൈകള്‍ നടാനുള്ള പദ്ധതിക്കും സ്റ്റാലിന് തുടക്കമിട്ടു. 38 ജില്ലകളിലായി 1000 വൃക്ഷതൈകളാണു നട്ടു പരിപാലിക്കുക. ജ്ഞാനപീഠ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും നേടിയവര്‍ക്കു സര്‍ക്കാര്‍ വീടുവച്ചു നല്‍കും. 70 കോടി രൂപ ചെലവില്‍ മധുരയില്‍ കരുണാനിധി സ്മാരക ലൈബ്രറി നിര്‍മിക്കാനുള്ള പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post