മുംബൈ : വാക്‌സീന്‍ വിതരണത്തെക്കുറിച്ച് അന്വേഷിച്ച വ്യക്തിയോട് അസഭ്യമായ ഭാഷയില്‍ മറുപടി പറഞ്ഞ മുംബൈ മേയര്‍ കിഷോരി പഡ്‌നേക്കര്‍ വിവാദത്തില്‍. കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കരാര്‍ ആരെയാണ് ഏല്‍പ്പിച്ചതെന്ന ട്വിറ്ററിലൂടെ ചോദിച്ച ചോദ്യത്തിന് നിങ്ങളുടെ അച്ഛനെ എന്നാണ് മേയര്‍ ഉത്തരം പറഞ്ഞത്.
പോസ്റ്റ് ചെയ്ത് ഏതാനും സമയത്തിനുള്ളില്‍ തന്നെ ഡിലീറ്റ് ചെയ്‌തെങ്കിലും ട്വീറ്റ് ഇതിനോടകം വൈറലായിരുന്നു.മേയറെ പോലെ ഉന്നത പദവിയിലിരിക്കുന്ന ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റമല്ല ഇതെന്നും സഭ്യമായ ഭാഷയില്‍ പൊതുവിടങ്ങളില്‍ പെരുമാറണമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.ശിവസേനാ നേതാവാണ് കിഷോരി പഡ്‌നേക്കര്‍.
അതേസമയം താനല്ല ആ മറുപടി പറഞ്ഞതെന്ന വിശദീകരണവുമായി മേയര്‍ രംഗത്തെത്തി.താന്‍ അത്യാവശ്യമായി ഒരു മീറ്റിംഗിലായിരുന്നുവെന്നും ഫോണ്‍ പിടിക്കാനേല്പിച്ച സഹായി ചെയ്ത പണിയാണിതെന്നും അവര്‍ ആരോപിച്ചു. എത്ര അടുപ്പക്കാരാണെങ്കിലും ഫോണ്‍ ഉള്‍പ്പടെയുള്ള സ്വകാര്യവസ്തുക്കള്‍ മറ്റാരെയും ഏല്‍പിക്കരുതെന്ന് ഇപ്പോള്‍ മനസ്സിലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുംബൈയുടെ 77ാം മേയറായി 2019ലാണ് പഡ്‌നേക്കര്‍ സ്ഥാനമേറ്റത്.കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയം വെച്ചും മുംബൈക്കാരുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ച അതേ മേയര്‍ തന്നെയാണ് ട്വീറ്റ് ചെയ്തതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.