ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവ് കോവിഡ് മരുന്നെന്ന പേരിൽ സ്വന്തം മരുന്ന് പരസ്യം ചെയ്യുന്നതിനെ താക്കീത് ചെയ്ത് ഡൽഹി ഹൈക്കോടതി. കൊവിഡിനെതിരായ മരുന്നാണെന്ന പേരിൽ കൊറോണിൽ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതിൽ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ടു ഡിഎംഎയാണ് കോടതിയെ സമീപിച്ചത്. തുടർന്ന്, കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമർശവും രാംദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിച്ചു.
ഇതിനിടെ, വിവാദമായ രാംദേവിന്റെ അലോപ്പതി മരുന്നിനും ചികിത്സയ്ക്കുമെതിരായ പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്നാണ് ജസ്റ്റിസ് സി ഹരിശങ്കർ നിരീക്ഷിച്ചത്. ഹോമിയോപ്പതി വ്യാജമാണെന്ന് എനിക്ക് തോന്നിയാൽ ഹോമിയോപ്പതി ഡോക്ടർമാർ എനിക്കെതിരെ കേസ് നൽകുമോ? രാംദേവിന്റെ പിന്നാലെ നടക്കാതെ കൊവിഡ് ചികിത്സയ്ക്ക് മരുന്നു കണ്ടുപിടിക്കാൻ നിങ്ങളുടെ വിലപ്പെട്ട സമയം ഉപയോഗിക്കൂവെന്നും കോടതി പറഞ്ഞു.
രാംദേവിന്റെ വ്യാജ പ്രചാരണങ്ങളിൽ ജനം വിശ്വസിക്കുന്നുവെന്നും വാക്സിനേഷൻ അടക്കമുള്ളവയോട് അവർ മുഖംതിരിക്കുന്നുവെന്നും ഡിഎംഎയ്ക്ക് വേണ്ടി ഹാജരായ അഡ്വ. രാജീവ് ദത്ത പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ കൊവിഡ് സുഖപ്പെടുത്തില്ലെന്ന രാംദേവിന്റെ പ്രസ്താവനകളാണ് വിവാദത്തിന് കാരണം. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാംദേവിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്
Discussion about this post