പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല; മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി റദ്ദാക്കി. 1962ലെ ഉത്തരവ് എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കുന്നു എന്ന് നിരീക്ഷിച്ചാണ് രാജ്യദ്രോഹക്കുറ്റം റദ്ദാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് യു.യു.ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പ്രാദേശിക ബിജെപി നേതാവ് അജയ് ശ്യാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നത്. പരാതിക്കാരന്‍, ഹിമാചല്‍ സര്‍ക്കാര്‍ എന്നിവരുടെ വാദം കേട്ടശേഷമായിരുന്നു കോടതി ഉത്തരവ്. ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കേസില്‍ ഏതെങ്കിലും തരത്തില്‍ ദുവയ്‌ക്കെതിരേ നടപടിയെടുക്കുന്നത് കഴിഞ്ഞ വര്‍ഷം ജൂലായില്‍ കോടതി വിലക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി വോട്ട് നേടുന്നതിനായി ‘മരണങ്ങളും ഭീകരാക്രമണങ്ങളും’ ഉപയോഗിച്ചെന്ന് ദുവ യുട്യൂബ് ചാനല്‍ ഷോയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി മഹാസു യൂണിറ്റ് അധ്യക്ഷന്‍ അജയ് ശ്യാം പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹം, പൊതുശല്യം, അപകീര്‍ത്തിപ്പെടുത്തല്‍, പൊതുപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന പ്രസ്താവന നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ദുവയ്‌ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

Exit mobile version