ന്യൂഡൽഹി: ബഹുരാഷ്ട്ര ഭക്ഷ്യോത്പന്ന കമ്പനിയായ നെസ്ലെയുടെ വെളിപ്പെടുത്തലിൽ ഞെട്ടൽ. നെസ്ലെയുടെ 60 ശതമാനത്തിലധികം ഉത്പന്നങ്ങളും ഭക്ഷ്യയോഗ്യമല്ലെന്നും അനാരോഗ്യകരമാണെന്നുമാണ് റിപ്പോർട്ട്. മാഗി നൂഡിൽസ്, കിറ്റ്കാറ്റ്, നെസ്കഫെ തുടങ്ങിയ പ്രശസ്ത ഉത്പന്നങ്ങങൾ ഉൾപ്പടെ നെസ്ലെ ഉത്പാദിപ്പിക്കുന്ന ഭക്ഷണപാനീയങ്ങൾ ആരോഗ്യത്തിന്റെ അംഗീകൃത നിർവചനം പാലിക്കുന്നില്ലെന്നും ഇനി അവ നവീകരിച്ചാലും തങ്ങളുടെ ചില ഭക്ഷ്യോത്പന്നങ്ങൾ ഒരിക്കലും ആരോഗ്യകരമായിരിക്കില്ലെന്നും കമ്പനിയുടെ ഇന്റേണൽ ഡോക്യുമെന്റ്സ് ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ പഞ്ചസാരയും സോഡിയവും 14 മുതൽ 15 ശതമാനം വരെ കുറച്ചിട്ടുണ്ട്. തങ്ങളുടെ ഉത്പന്നങ്ങൾ ആരോഗ്യകരമാക്കുന്നത് വരെ ഇത് തുടരുമെന്നും ഉത്പന്നങ്ങൾ ആരോഗ്യപ്രദമാക്കുന്നതിനുള്ള പ്രോജക്ട് നടന്നുക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.
യുകെ ബിസിനസ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് നെസ്ലെയുടെ ഉത്പന്നങ്ങൾക്ക് ഓസ്ട്രേലിയയുടെ ഹെൽത്ത് സ്റ്റാർ റേറ്റിങ് സിസ്റ്റത്തിൽ 3.5 ശതമാനം റേറ്റിങ് മാത്രമേ ഉള്ളൂ. റേറ്റിംഗ് അഞ്ചുള്ള ഉൽപ്പന്നങ്ങളാണ് ഏറ്റവും മികച്ചത്. കമ്പനിയുടെ മൊത്തത്തിലുള്ള ഭക്ഷണപാനീയങ്ങളുടെ പോർട്ട്ഫോളിയോയിൽ 70 ശതമാനം ഉത്പന്നങ്ങളും ഈ റേറ്റിങ് നേടുന്നതിൽ പരാജയപ്പെട്ടു.
ശുദ്ധമായ കോഫി ഒഴികെ 90 ശതമാനം പാനീയങ്ങളും മിഠായി, ഐസ്ക്രീം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ 82 ശതമാനം പാനീയങ്ങളും 60 ശതമാനം പാലുൾപ്പന്നങ്ങളും ഈ റേറ്റിംഗിന് മുകളിലാണ്. വളർത്തുമൃഗങ്ങളുടെ ഭക്ഷണം, ശിശു ഭക്ഷണം, ആരോഗ്യ ശാസ്ത്ര വിഭാഗം എന്നിവ ഈ ഡാറ്റയിൽ ഉൾപ്പെടുന്നില്ല.
Discussion about this post