മുംബൈ: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്തറത്ത് കൊന്ന് വീട്ടില്‍ കുഴിച്ചു മൂടി ഭാര്യ. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യ റഷീദ ഷെയ്ഖാണ് ഭര്‍ത്താവ് റയീസ് ഖാനെ കഴുത്തറത്ത് കൊന്ന് വീട്ടില്‍ കുഴിച്ചു മൂടിയത്. സംഭവത്തില്‍ ഇരുപത്തെട്ടുകാരി റഷീദ ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനായ അമിത് മിശ്ര ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
റഷീദയുടെ ഭര്‍ത്താവ് റയീസ് ഖാനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. കാണാനില്ലെന്ന് കാണിച്ച് മേയ് 25 ന് അയല്‍വാസി നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തു വന്നത്.
മൂര്‍ച്ചയേറിയ ആയുധം കൊണ്ട് റഷീദ ഭര്‍ത്താവിന്റെ കഴുത്തറുക്കുകയായിരുന്നു. ഇവരുടെ മകളുടെ കണ്മുന്നിലായിരുന്നു കൊല നടന്നത്. തുടര്‍ന്ന് റയീസിന്റെ മൃതദേഹം റഷീദയും അമിതും ചേര്‍ന്ന് വീട്ടിനുള്ളില്‍ തന്നെ കുഴിയെടുത്ത് മൂടി.
വീട്ടിലെത്തിയ റയീസിന്റെ സഹോദരനോട് റഷീദയുടെ മകള്‍ വിവരം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് റയീസിന്റെ സഹോദരന് പോലീസിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒരു കടയില്‍ സെയില്‍മാനായി ജോലി നോക്കുകയായിരുന്നു റയീസ്.
Discussion about this post