ബംഗളൂരു: ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത് മറിച്ച് വിറ്റ ഡോക്ടര്‍ അറസ്റ്റില്‍. മനശാസ്ത്രജ്ഞയായ ഡോ. രശ്മി ശശികുമാറാണ് അറസ്റ്റിലായത്. വായ്പ തുക തിരിച്ചടക്കാന്‍ ഇവര്‍ കുഞ്ഞിനെ 16ലക്ഷം രൂപക്ക് വില്‍ക്കുകയായിരുന്നു. ബംഗളൂരു ചാമരാജ്പേട്ടിലെ ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷമാണ് സംഭവം.
ബന്നേര്‍ഘട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഡോ. രശ്മി ശശികുമാര്‍. ഇവരുടെ പേഷ്യന്‍സ് ആയ ദമ്പതികള്‍ക്കാണ് കുഞ്ഞിനെ വിറ്റത്. ഈ ദമ്പതികളുടെ ആദ്യ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായാണ് വിവരം. ഇതോടെ ദമ്പതികള്‍ മറ്റൊരു കുഞ്ഞിനെ വേണമെന്ന ആഗ്രഹം ഡോക്ടര്‍ രശ്മിയോട് പ്രകടിപ്പിച്ചു. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ അത് സാധ്യമായിരുന്നില്ല.
ഇതോടെ വാടക ഗര്‍ഭപാത്രം സംഘടിപ്പിച്ച് തരാമെന്ന് രശ്മി ഇവര്‍ക്ക് വാക്ക് നല്കി. ഇതിനായി ഇവരില്‍ നിന്ന് പണം വാങ്ങിയതായിട്ടാണ് സൂചന. വാടക ഗര്‍ഭപാത്രം സംഘടിപ്പിച്ചതായി ദമ്പതികളോട് കള്ളം പറയുകയും ചെയ്തു. വാടക ഗര്‍ഭധാരണത്തിനായി നിരവധിപേരെ ഡോക്ടര്‍ സമീപിച്ചു. എന്നാല്‍, നിരാശയായിരുന്നു ഫലം. പറഞ്ഞ സമയം കഴിഞ്ഞതോടെ ദമ്പതികള്‍ കുഞ്ഞിനെ അന്വേഷിച്ച് തുടങ്ങി.
ഇതോടെ ചാമരാജ്പേട്ടിലെ ആശുപത്രിയിലെത്തിയ ഡോക്ടര്‍ പിറകിലെ ഗേറ്റ് വഴി കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലാകുന്നത്.
Discussion about this post