ന്യൂഡല്‍ഹി: പ്രത്യേക പരോള്‍ അനുവദിച്ചിട്ടും ജയില്‍ വിട്ടു പോകാന്‍ തടവുപുള്ളികള്‍ മടികാണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തുപോകുന്നതിനെക്കാള്‍ നല്ലത് ജയിലാണെന്നും തങ്ങള്‍ക്ക് പരോള്‍ വേണ്ടെന്നുമാണ് തടവുകാര്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജയിലുകളിലെ തടവുപുള്ളികളുടെ എണ്ണം കുറക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല തടവുകാര്‍ക്കും അടിയന്തര പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ പല തടവുകാരും പുറത്ത് പോകാന്‍ മടികാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ 46 ജയിലുകളിലെ 26 തടവുകാര്‍ അടിയന്തര പരോള്‍ നിരസിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.കോവിഡും ലോക്ഡൗണും ഒക്കെക്കൂടിയ സാഹചര്യത്തില്‍ പുറത്തുപോകാന്‍ താല്‍പര്യമില്ലാത്തവരാണ് ഇവര്‍. യു.പിയില്‍ ഒമ്പത് ജയിലുകളിലെ 21 തടവുകാര്‍ തങ്ങള്‍ക്ക് പരോള്‍ വേണ്ടെന്നും പുറത്തുപോകുന്നതിനെക്കാള്‍ നല്ലത് ജയിലാണെന്നും എഴുതി നല്‍കിയിരിക്കുകയാണ്.
ജയിലില്‍ കൃത്യമായ ഭക്ഷണം, ആരോഗ്യ പരിശോധനകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയെല്ലാം തടവുകാര്‍ക്ക് ലഭിക്കുന്നുണ്ട്. പുറത്തിറങ്ങിയാല്‍ ഇതൊന്നും ലഭിക്കാത്ത സാഹചര്യമാണ്. ഇതാണ് പലരും പുറത്തുപോകാന്‍ മടി കാണിക്കുന്നതിന് പിന്നിലെന്ന് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.