ജബല്‍പൂര്‍ : ഉയര്‍ന്നജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ദളിത് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം.യുവാക്കളുടെ തല മുണ്ഡനം ചെയ്യിച്ച് ചെരിപ്പ് മാല അണിയിച്ച സംഭവത്തില്‍ യുവതിയുടെ പിതാവുള്‍പ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ജബല്പൂരില് മെയ് 22നാണ് സംഭവം. ദളിത് വിഭാഗത്തില്‍പ്പെട്ട രാജ്കുമാര് ദെഹരിയയും(20) ഇയാളുടെ സുഹൃത്തുമാണ് മര്‍ദനത്തിനിരയായത്. ഇരുവരെയും വീട്ടിലേക്ക് വിളിച്ച് വരുത്തി യുവതിയുടെ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നു.യുവതിയുമായി രാജ്കുമാര് സൗഹൃദത്തിലാണ് എന്നതായിരുന്നു കാരണം.തനിക്ക് പുറത്ത് പോകാന്‍ അനുവാദമില്ലെന്നും ആരോടെങ്കിലും സംസാരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്നും പറഞ്ഞതിനാല്‍ കൂട്ടുകാരന്റെ മൊബൈല്‍ ഫോണ്‍ കടം വാങ്ങി രാജ്കുമാര് യുവതിക്ക് നല്‍കിയിരുന്നു.
യുവതി മൊബൈലില്‍ സംസാരിക്കുന്നത് പിതാവ് കാണാനിടയായതാണ് മര്‍ദനത്തിന് വഴിവെച്ചത്.ഫോണ്‍ നല്‍കിയത് രാജ്കുമാറാണെന്ന് കണ്ടെത്തിയതോടെ ഇയാളെയും സുഹൃത്തിനെയും യുവതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി.തുടര്‍ന്ന് പിതാവും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശേഷം ഇവരുടെ തല പാതി മുണ്ഡനം ചെയ്യുകയും ചെരുപ്പ്മാല അണിയിക്കുകയും ചെയ്തു.മര്‍ദനം നേരിട്ട് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്കുമാര് പോലീസില്‍ പരാതിപ്പെടുന്നത്.
പോലീസില്‍ അറിയിച്ചാല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പടെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രാജ്കുമാര് പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്.
Discussion about this post