ന്യൂഡൽഹി: കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്ത് പരിക്കേറ്റ അച്ഛനെ സ്വന്തം ഗ്രാമത്തിലെത്തിക്കാൻ 1200 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയ ജ്യോതികുമാരിക്ക് ഹൃദയാഘാതം മൂലം അച്ഛനെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഗുഡ്ഗാവിൽനിന്ന് ബിഹാറിലേക്ക് സൈക്കിളിൽ ഏഴ് ദിവസമാണ് ഈ പെൺകുട്ടി സൈക്കിൾ ചവിട്ടിയത്. ഒരു വർഷത്തിനിപ്പുറം ജ്യോതികുമാരിയുടെ പ്രിയപ്പെട്ട ആ അച്ഛനെ ഹൃദയസ്തംഭനം മൂലം നഷ്ടപ്പെട്ടു എന്ന വാർത്തയാണ് ബിഹാറിൽ നിന്ന് വരുന്നത്.
ഹൃദയസ്തംഭനംമൂലം തിങ്കളാഴ്ചയാണ് ഇലക്ടിക് റിക്ഷാഡ്രൈവറായിരുന്ന മോഹൻ പസ്വാന്റെ അന്ത്യം. 2020 മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഗതാഗതത്തിന് മറ്റു മാർഗങ്ങൾ ഇല്ലാതായതോടെയാണ് അച്ഛനെ സൈക്കിളിന് പിന്നിലിരുത്തി ജ്യോതി വീട്ടിലെത്തിച്ചത്. ഏഴ് ദിവസത്തോളം സൈക്കിൾ ചവിട്ടി ഡൽഹിക്ക് സമീപമുള്ള ഗുഡ്ഗാവിൽ നിന്ന് ബിഹാറിലെ ദർബാംഗയിലേക്കെത്തുമ്പോൾ ഇവർ 1200 കിലോ മീറ്റർ ദൂരം പിന്നിട്ടിരുന്നു.
കടം വാങ്ങിയ പണം ഉപയോഗിച്ചാണ് ജ്യോതി അന്ന് ആ സൈക്കിൾ വാങ്ങിയത്. സംസ്ഥാനങ്ങൾ കടന്ന് അച്ഛനെ വീട്ടിലെത്തിച്ച പതിനഞ്ചുകാരിയുടെ ധീരത അന്ന് വലിയ വാർത്തയായിരുന്നു. ജ്യോതിയെ പ്രശംസിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരവും ജ്യോതിയെ തേടിയെത്തി. തുടർവിദ്യാഭ്യാസത്തിന് ഉൾപ്പെടെ വിവിധ കോണുകളിൽനിന്ന് സഹായ വാഗ്ദാനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു
Discussion about this post