ലഖ്നൗ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽനിന്ന് യുപിയിലെ നദിയിൽ ഉപേക്ഷിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബൽറാംപുരിലുണ്ടായ സംഭവത്തിൽ സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയിൽ ഉപേക്ഷിച്ചതെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
പിപിഇ കിറ്റ് ധരിച്ചെത്തിയ ഒരാളടക്കം രണ്ടുപേർ ചേർന്ന് മൃതദേഹം പാലത്തിൽനിന്ന് രപ്തി നദിയിലേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചത്.
രണ്ടുപേർ ചേർന്ന് മൃതദേഹം പാലത്തിൽനിന്ന് നദിയിലേക്ക് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ആ വഴി കാറിലെത്തിയ മറ്റൊരാൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
അതേസമയം, മെയ് 25നാണ് കോവിഡ് ബാധിച്ച് പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മെയ് 28ന് മരിച്ചെന്നും ചീഫ് മെഡിക്കൽ ഓഫീസർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സംസ്കരിക്കാനായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും എന്നാൽ ഇവർ മൃതദേഹം നദിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ഇദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതെന്ന് ബൽറാംപുർ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
Discussion about this post