ജയ്പൂര്‍: ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വമായൊരു കാഴ്ചയ്ക്ക് വേദിയായി
രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യ കോണ്‍ഗ്രസിന്റെ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മവച്ച് സ്‌നേഹം പങ്കിട്ടപ്പോള്‍ ആ നിമിഷം അത്രമേല്‍ മനോഹരമായിരുന്നു. രാഷ്ട്രീയപരമായി വെരുദ്ധ്യത്തിലാണെങ്കിലും രക്തബന്ധത്തിന് മറ്റെന്തിനെക്കാളും ആഴമുണ്ടെന്ന് കൂടിയാണ് ഇവര്‍ വിളിച്ചുപറഞ്ഞത്.
ഗ്വോളിയോറിലെ രാജാവും കോണ്‍ഗ്രസിന്റെ ജനകീയ മുഖവുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ കുടുംബാംഗങ്ങളാണ് ഇരുവരുമെന്നത് തന്നെയാണ് രക്തബന്ധം. മാധവ് റാവു സിന്ധ്യയുടെ സഹോദരിയാണ് വസുന്ധര. ജ്യോതിരാദിത്യയാകട്ടെ മകനും. മാധവ് റാവുവും മകനും കോണ്‍ഗ്രസിന്റെ കൈ പിടിച്ചപ്പോള്‍ വസുന്ധര താമരയ്ക്ക് പിന്നാലെ സഞ്ചരിക്കുകയായിരുന്നു. രാഷ്ട്രീയ ഗോദയില്‍ പരസ്പരം പോരടിക്കുമ്പോഴും കുടുംബ ബന്ധത്തിന്റെ ആഴം വസുന്ധരയും ജ്യോതിരാദിത്യയും കാത്തുസൂക്ഷിക്കുകയാണ്.
സഹോദര പുത്രന് സ്‌നേഹാലിംഗനവും ചുംബനവും നല്‍കുമ്പോള്‍ ഇരുവരും സങ്കടം കൂടിയാണ് പങ്കിട്ടതെന്ന വിലയിരുത്തലുകളുമുണ്ട്. രാജസ്ഥാനിലെ ഭരണവും മുഖ്യമന്ത്രി പദവും നഷ്ടമായാണ് വസുന്ധര, അശോക് ഗെഹ്ലോട്ടിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.
ജ്യോതിരാദിത്യ സിന്ധ്യയാകട്ടെ മധ്യപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ അവസാനം വരെ ഉണ്ടായിരുന്നു. ഹൈക്കമാന്‍ഡ് കമല്‍നാഥിനെ തെരഞ്ഞെടുത്തതോടെയാണ് ജ്യോതിരാദിത്യ പിന്‍വാങ്ങിയത്.
സങ്കടപ്പെടേണ്ട കുട്ടി, മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകാന്‍ നിനക്ക് ഒരുപാട് സമയമുണ്ടെന്ന് കൂടിയാണ് ജ്യോതിരാദിത്യയ്ക്ക് സ്‌നേഹാലിംഗനവും ചുംബനവും നല്‍കി വസുന്ധര പറഞ്ഞുവച്ചതെന്നും സൈബര്‍ലോകത്ത് അനുമാനിക്കുന്നവരുണ്ട്. എന്തായാലും രാഷ്ട്രീയത്തിലെ മനോഹര കാഴ്ച സോഷ്യല്‍ മീഡിയയിലടക്കം വന്‍ ഹിറ്റാണ്.