ലഖ്നൗ : അലോപ്പതിക്കും ഡോക്ടര്‍മാര്‍ക്കുമെതിരായ ബാബം രാംദേവിന്റെ നിലപാടിനെ പിന്തുണച്ച് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. മരിച്ച രോഗികളുടെ പേരില്‍ പോലും പണം പിടുങ്ങാന്‍ മടിയില്ലാത്ത രാക്ഷസന്മാരാണ് അലോപ്പതി ഡോക്ടര്‍മാരെന്നാണ് സുരേന്ദ്ര സിങ് ഫേസ്ബുക്കിലൂടെ പറഞ്ഞത്.
അലോപ്പതിയെക്കുറിച്ച് ബാബാ രാംദേവ് പറഞ്ഞ കാര്യങ്ങളോട് താന്‍ നൂറ് ശതമാനം യോജിക്കുന്നുവെന്നും സുരേന്ദ്ര സിങ് കുറിച്ചു.പരമ്പരാഗത രീതിയിലുള്ള ആയുര്‍വേദ ചികിത്സാ രീതിയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് രാംദേവ് ബാബ ചെയ്തത്. ആയുര്‍വേദത്തിലേക്കുള്ള മടക്കം രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും.
രാഷ്ട്രീയത്തില്‍ നിന്നും രാജി വെച്ചാല്‍ ഞാന്‍ ചെയ്യാന്‍ പോകുന്നത് യോഗയും ആയുര്‍വേദവും പ്രോത്സാഹിപ്പിക്കുകയാവും. ഇവയുടെ ഉന്നമനത്തിന് വേണ്ടുന്ന എല്ലാ സഹായവും എന്റെ ഭാഗത്ത് നിന്നുണ്ടാവും.ആയുര്‍വേദം പോലെ അലോപ്പതിയും രോഗങ്ങളുടെ ശമനത്തിന് നല്ലതാണെന്നും എല്ലാ ഡോക്ടര്‍മാരെയും പറ്റിയല്ല തന്റെ അഭിപ്രായമെന്നും സിങ് കുറിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കോവിഡ് പ്രതിരോധത്തിന് ഗോമൂത്രം കുടിച്ചാല്‍ മതി എന്ന ഇദ്ദേഹത്തിന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സ്വയം ഗോമൂത്രം കുടിക്കുന്നതിന്റെ വീഡിയോയും സിങ് പങ്ക് വെച്ചിരുന്നു.ഹത്രാസ് പീഡനക്കേസിലെ പരാമര്‍ശവും ഏറെ കോളിളക്കം സൃഷ്ടിച്ചു. എല്ലാ മാതാപിതാക്കളും പെണ്‍കുട്ടികളെ മൂല്യങ്ങളെക്കുറിച്ച് പഠിപ്പിച്ച് വളര്‍ത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമെന്നാണ് സിങ് അന്ന് പറഞ്ഞത്.
Discussion about this post