ന്യൂഡല്‍ഹി : കോവിഡില്‍ അനാഥരായി എന്ന കാരണത്താല്‍ രാജ്യത്ത് ഒരു കുട്ടിയും പട്ടിണി കിടക്കരുതെന്ന് സുപ്രീം കോടതി. ഇതിന് വേണ്ട നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി.
ഓരോ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി അവരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയും അവര്‍ക്ക് വേണ്ടുന്ന സഹായം ചെയ്തു നല്‍കുകയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദേശമുണ്ട്.കോവിഡിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ രാജ്യത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.
കുട്ടികള്‍ തെരുവില്‍ പട്ടിണി കിടക്കുന്ന ദിവസങ്ങളാണ് കടന്ന് പോകുന്നതെന്നും എത്ര കുട്ടികള്‍ ഇത്തരത്തിലുണ്ടെന്നോ ഏതൊക്കെ പ്രായത്തിലുള്ള കുട്ടികളുണ്ടെന്നോ ഒന്നുമറിയില്ലെന്നും ഹര്‍ജി പരിഗണിച്ച ബഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായേക്കാമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചു.ദേശീയ ശിശു സംരക്ഷണ സമിതിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ബാല്‍ സ്വരാജില്‍ സഹായം ആവശ്യമായ കുട്ടികളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ജില്ല അതോറിറ്റികള്‍ക്ക് നേരത്തേ തന്നെ നിര്‍ദേശം നല്കിയിട്ടുള്ളതായും അവര്‍ കൂട്ടിച്ചേര്‍ത്തു.2020 മാര്‍ച്ചില്‍ കോവിഡ് മാഹമാരി തുടങ്ങിയത് മുതല്‍ അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്ന് ജില്ലാ അതോറിറ്റികളോട് കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ വിവരങ്ങള്‍ അമിക്കസ് ക്യൂറിക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.
ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. കുട്ടികളുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ചൊവ്വാഴ്ച കോടതിയെ അറിയിക്കണം എന്നാണ് നിര്‍ദേശം.അനാഥരാകുന്ന കുട്ടികള്‍ക്ക് സഹായം അനുവദിച്ച കേരളത്തിന്റെ നടപടി മാധ്യമങ്ങളിലൂടെ അറിഞ്ഞതായി ജസ്റ്റിസ് റാവു അറിയിച്ചു.
Discussion about this post