ഹൈദരാബാദ്: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നടന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ താരത്തിന്റെ സുഹൃത്തും ഒരേ ഫ്‌ളാറ്റിലെ താമസക്കാരനുമായിരുന്ന സിദ്ധാർത്ഥ് പിത്താനി അറസ്റ്റിൽ. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി)യാണ് ഹൈദരാബാദിൽ നിന്നും സിദ്ധാർത്ഥിനെ പിടികൂടിയത്.
സുശാന്തിന്റെ വിയോഗത്തിന് ഒരു വയസാകുമ്പോഴാണ് കേസിൽ വീണ്ടും അറസ്റ്റ് നടക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസ് ബോളിവുഡിനെ പിടിച്ചു കുലുക്കിയ സംഭവമാണ്. കേസിൽ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയും സഹോദരനും അറസ്റ്റിലായിരുന്നു.
2020 ജൂൺ 14 നാണ് മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തുന്നത്. മരണദിവസം സുശാന്തിനൊപ്പം വീട്ടിലുണ്ടായിരുന്ന നാല് പേരിൽ ഒരാളാണ് സിദ്ധാർഥ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസും സിബിഐയും നിരവധി തവണ സിദ്ധാർഥിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു.
സുശാന്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പല ചാനലുകളോടും സിദ്ധാർഥ് തുറന്ന് പറച്ചിൽ നടത്തുകയും ചെയ്തിരുന്നു. ബുദ്ധ എന്ന് സുശാന്ത് സ്‌നേഹത്തോടെ വിളിച്ചിരുന്ന സിദ്ധാർഥ് ഏതാണ്ട് ഒരു വർഷത്തോളമായി താരത്തിനൊപ്പമായിരുന്നു താമസം.