മുംബൈ: അന്ധേരി ഈസ്റ്റിലെ ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. 47 പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ഇഎസ്‌ഐസി) നിയന്ത്രണത്തില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ഹോസ്പിറ്റലിലാണ് വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായെന്ന വിവരത്തെത്തുടര്‍ന്ന് എട്ട് ഫയര്‍ എഞ്ചിനുകളാണ് ആശുപത്രി പരിസരത്തെത്തിയത്.
അഞ്ചു നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലകളിലാണ് തീപിടിത്തമുണ്ടായത്. തീ വ്യാപിച്ചതോടെ 15 ഓളം ടാങ്കര്‍ ലോറികളില്‍ പ്രത്യേകമായി വെളളമെത്തിച്ച് നടപടികള്‍ ത്വരിതപ്പെടുത്തി. പത്തോളം ഫയര്‍ എന്‍ജിനുകളും തൊട്ടുപിന്നാലെ സ്ഥലത്തെത്തിച്ചു.
ഏണികള്‍ ഉപയോഗിച്ചാണ് മൂന്ന് നാല് നിലകളില്‍ നിന്ന് രോഗികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത്. ഇവരില്‍ പത്തു പേരെ മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലും 15 പേരെ സെവന്‍ ഹില്‍സ് ആശുപത്രിയിലും ഹോളി സ്പിരിറ്റ് ആശുപത്രിയിലും ഏഴു പേരെ ട്രോമാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. തിരക്കേറിയ അന്ധേരിയിലുണ്ടായ രക്ഷാനടപടികള്‍ വടക്കുപടിഞ്ഞാറന്‍, കിഴക്കന്‍ മുംബൈയ്ക്കു മധ്യേയുള്ള ഗതാഗതത്തെ ബാധിച്ചു.