ന്യൂഡല്‍ഹി: കൊവിഡ് 19 മഹാമാരിയുടെ രണ്ടാംഘട്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തിങ്കളാഴ്ച മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്ക് ചെയ്തു തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. കൊവിഡിനെ വരുതിയില്‍ നിര്‍ത്താന്‍ സഹായിച്ച ഡല്‍ഹിയിലെ രണ്ടുകോടി ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടിണിയില്‍പ്പെട്ട് ജനങ്ങള്‍ മരിക്കാതിരിക്കാന്‍ ഇതാണ് ഡല്‍ഹി അണ്‍ലോക്ക് ചെയ്യാന്‍ പറ്റിയ സമയമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കഴിഞ്ഞ മാസത്തില്‍ ലോക്ഡൗണിലൂടെ നേടിയ നേട്ടം നഷ്ടപ്പെടാതിരിക്കാന്‍, തുറക്കുന്നത് മന്ദഗതിയിലായിരിക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കൊവിഡ് രണ്ടാം തരംഗം വന്‍ നാശമാണ് വിതച്ചത്. ആയിരങ്ങളാണ് ഓക്‌സിജന്റെ അഭാവം മൂലം ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചത്. ആശുപത്രികള്‍ നിറഞ്ഞും കിടക്കയ്ക്കായി അലയുന്ന രോഗികളുടെയും ദയനീയ കാഴ്ചകളാണ് ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റിയും കുറഞ്ഞുവരികയാണ് സംസ്ഥാനത്ത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് അരവിന്ദ് കെജരിവാള്‍ അറിയിക്കുന്നു.