‘ഡൽഹിയിലെ ഗുസ്തി കൂട്ടായ്മകളെ ഭയക്കണം’; സുശീൽ കുമാർ മരിച്ച ഗുസ്തി താരത്തെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ

susheel-kumar

ന്യൂഡൽഹി: ഒളിംപിക്‌സിൽ മെഡൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരുന്ന ഗുസ്തി താരം സുശീൽ കുമാറിന്റെ യഥാർത്ഥ മുഖം കണ്ട ഞെട്ടലിലാണ് രാജ്യം. സുശീൽ കുമാർ കൂട്ടാളികളുമൊത്ത് ഗുസ്തിതാരം തന്നെയായ യുവാവിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യം പുറത്തുവന്നു. അടിയേറ്റ സാഗർ റാണ പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു.

ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗർ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായ മൂന്നു പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗർ മരിച്ചു.

യുവഗുസ്തി താരം സാഗർ റാണയുടെ കൊലപാതകത്തിൽ സുശീൽ കുമാർ അറസ്റ്റിലായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ വ്യക്തമായ തെളിവുകൾ പുറത്തുവരുന്നത്. പുറത്തുവന്ന വീഡിയോയിൽ സുശീൽ കുമാറിന്റെയും കൂട്ടാളികളുടേയും പക്കൽ വടികളും കമ്പുകളും അടിയേറ്റ് പിടയുന്ന സാഗർ റാണയേയും കാണാം. ഡൽഹിയിലെ ഗുസ്തി കൂട്ടായ്മകളെ ഭയപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചതെന്നാണ് ഡൽഹി പോലീസ് പറയുന്നത്.

18 ദിവസം ഒളിവിലായിരുന്ന സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീൽ കുമാർ സമ്മതിച്ചിരുന്നു.

Exit mobile version