കോവിഡ് പോരാട്ടം : വ്യോമസേന വിമാനങ്ങള്‍ പറന്നത് ഭൂമിയെ 55 തവണ വലംവെയ്ക്കാനുള്ളത്ര ദൂരം

Indian air force | Bignwslive

ന്യൂഡല്‍ഹി : കോവിഡിനെതിരായ പോരാട്ടത്തില്‍ വ്യോമസേന വിമാനങ്ങള്‍ കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ പറന്നത് ഭൂമിയെ 55 തവണ ചുറ്റിവരാനുള്ളത്ര ദൂരം.കൃത്യമായി പറഞ്ഞാല്‍ 1500ലധികം ദൗത്യങ്ങളിലായി 3000മണിക്കൂറുകളും,20ലക്ഷം കിലോമീറ്ററുകളും.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ജീവന്‍രക്ഷാമരുന്നുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ അതിവേഗമെത്തിക്കുക എന്നതായിരുന്നു വ്യോമസേനയുടെ ദൗത്യം.ന്യൂഡല്‍ഹിയില്‍ വ്യോമസേനയുടെ മാനേജ്‌മെന്റ് സെല്‍ പ്രവര്‍ത്തിക്കുന്ന പാലം എയര്‍ ബേസിലായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എത്തിച്ചിരുന്നത്. ഇവിടെ നിന്നാണ് പിന്നീട് ഇവ അവശ്യസ്ഥലങ്ങളില്‍ എത്തിക്കുക.

ഷോര്‍ട്ട് നോട്ടീസില്‍ പുറത്തേക്കും അകത്തേക്കും പറക്കാന്‍ സജ്ജരായിരിക്കുക, മാന്‍പവറും എയര്‍ക്രാഫ്റ്റും സമയബന്ധിതമായി സജ്ജീകരിക്കുക എന്നുള്ളവയായിരുന്നു പ്രധാന ദൗത്യങ്ങള്‍. യുകെയില്‍ നിന്ന് 37 ടണ്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ചെന്നൈയിലെത്തിക്കുന്നതിന് വേണ്ടി 35 മണിക്കൂറോളമാണ് സി-17 എന്ന എയര്‍ക്രാഫ്റ്റ് പറന്നത്.

എന്ത് ടാസ്‌ക് തന്നെ തന്നാലും അത് ജനങ്ങളുടെ ക്ഷേമത്തിനായുള്ളവയാണെന്ന തിരിച്ചറിവ് ഉള്ളിലുണ്ടാകും. ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ പരിശീലനവും രാജ്യത്തിന് തിരിച്ച് നല്‍കാനാണ് ശ്രമിക്കുന്നത്. എയര്‍വെയ്‌സ് മാര്‍ഷല്‍ എം റണാഡെ പറയുന്നു. രാജ്യത്തെ അവസാന കോവിഡ് രോഗിയും സുഖം പ്രാപിക്കുന്നത് വരെ തങ്ങളുടെ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സേനയിലെ 95 ശതമാനത്തോളം സൈനികരും വാക്‌സീന്‍ ലഭിച്ചവരാണ്. ഇത് ദൗത്യങ്ങളേറ്റെടുക്കാന്‍ അവരെ മാനസികമായും കൂടുതല്‍ ശക്തരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് ഡ്യൂട്ടിക്കായി ആറ് തരത്തിലുള്ള എയര്‍ ക്രാഫ്റ്റുകളാണ് സേന മാറ്റിവെച്ചിരിക്കുന്നത്. എഎന്‍ 32, സൂപ്പര്‍ ഹെര്‍ക്കുലിസ് എന്നിവ ഉള്‍പ്പടെ 12 ഹെവി ലിഫ്റ്റ്, 30 മീഡിയം ലിഫ്റ്റ് എയര്‍ ക്രാഫ്റ്റുകളാണ് ഇതിലുള്ളത്.

Exit mobile version