സെയ്ന്റ് ജോൺസ്: രാജ്യത്തെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്ന് ആഡംബര ജീവിതം നയിച്ചിരുന്ന ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി ഒടുവിൽ പിടിയിൽ. പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ചോക്സി കരീബിയൻ ദ്വീപായ ഡൊമിനിക്കയിൽ വെച്ചാണ് പിടിയിലായത്.
ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മെഹുൽ ചോക്സിയെ പ്രാദേശിക പോലീസ് അറസ്റ്റുചെയ്തത്. ചോക്സിക്കെതിരേ ഇന്റർപോൾ ‘യെല്ലോ കോർണർ’ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആന്റിഗ്വയിൽ നിന്ന് ഞായറാഴ്ച മുതൽ ചോക്സിയെ കാണാതായതായി പോലീസും അദ്ദേഹത്തിന്റെ അഭിഭാഷകനായ വിജയ് അഗർവാളും അറിയിച്ചിരുന്നു.
നിലവിൽ ഡൊമിനിക്കയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ(സിഐഡി) കസ്റ്റഡിയിലുള്ള മെഹുൽ ചോക്സിയെ ആന്റിഗ്വ പോലീസിനു കൈമാറാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ചോക്സി രാജ്യംവിട്ടതായി വിശ്വസനീയമായ വിവരങ്ങളൊന്നുമില്ലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2017ൽ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു.
Discussion about this post