ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിലും ഒഡീഷയിലും നാശം വിതച്ച യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. നിലവില്‍ ശക്തി ക്ഷയിച്ച് ജാര്‍ഖണ്ഡിന് സമീപം ന്യൂനമര്‍ദമായി തുടരുന്നതിനാല്‍ ജാര്‍ഖണ്ഡ്, ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്നലെ രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡീഷയിലെ ദംറ തുറമുഖത്തിനും ബലാസോറിനും ഇടയില്‍ക്കൂടിയാണ് യാസ് കരയില്‍ പ്രവേശിച്ചത്. ബംഗാളില്‍ മൂന്ന് ലക്ഷം വീടുകള്‍ തകര്‍ന്നു. 15ലക്ഷം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊല്‍ക്കത്ത വിമാനത്താവളം ഉള്‍പ്പടെ തുറന്നു.ഒഡീഷയില്‍ ആള്‍നാശമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതേസമയം യാസ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ പരക്കെ മഴ ലഭിച്ചു. കാസര്‍ഗോഡ്, വയനാട്, മലപ്പുറം ഒഴികെ 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളതീരത്ത് മണിക്കൂറില്‍ 50കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള മഴ നാളെയോടെ കുറയുമെങ്കിലും മറ്റന്നാള്‍ മുതല്‍ കാലവര്‍ഷത്തിന്റെ മുന്നോടിയായുള്ള വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post