ലഖ്നൗ: മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് യുവാവിന്റെ കാലിലും കൈയ്യിലും പോലീസ് ആണിയടിച്ചു കയറ്റിയതായി പരാതി. ഇന്ത്യാ ടുഡേയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബറേലിയിലാണ് സംഭവം. യുവാവിന്റെ അമ്മയാണ് പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
‘പ്രദേശത്ത് റോഡിന് സമീപം ഇരിയ്ക്കുകയായിരുന്നു മകന്‍. വേറെയും കുറച്ചുപേര്‍ അവിടെയുണ്ടായിരുന്നു. പെട്ടെന്നെത്തിയ പോലീസ് സംഘം എല്ലാവരോടും മാസ്‌ക് എവിടെയെന്ന് ചോദിച്ച് ശകാരിച്ചു. മകനോടും മാസ്‌ക് ധരിക്കാന്‍ പറഞ്ഞു. ശേഷം അവനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു,’ യുവാവിന്റെ അമ്മ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
മകനെ തേടി പോലീസ് സ്റ്റേഷനിലെത്തിയെന്നും എന്നാല്‍ അവനെ വിട്ടയച്ചെന്നും പോലീസ് പറഞ്ഞതായും യുവാവിന്റെ അമ്മ പറഞ്ഞു. പിന്നീട് നടത്തിയ തെരച്ചിലിലാണ് യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും അവര്‍ ആരോപിക്കുന്നു.
പരാതിയുമായി മുന്നോട്ട് പോയാല്‍ മകനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായും യുവാവിന്റെ അമ്മ ആരോപിക്കുന്നു. അതേസമയം, ആരോപണം നിഷേധിച്ച് പോലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന വ്യാജ ആരോപണമാണിതെന്ന് എസ്എസ്പി രോഹിത് പ്രതികരിച്ചു.