ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്: ഏപ്രില്‍ മാസം ഇതുവരെ 577 കുട്ടികള്‍ക്ക് കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായി

smrithi erani | bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഏപ്രില്‍ മാസം ഇതുവരെ 577 കുട്ടികള്‍ക്ക് കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായി.

ഏപ്രില്‍ ഒന്നുമുതല്‍ ഏപ്രില്‍ 25 വരെ മാത്രമുള്ള കണക്കാണിത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം പറഞ്ഞത്. 2021 ഏപ്രില്‍ 25ന് രണ്ടുമണിവരെ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രഭരണ പ്രദേശങ്ങളും തന്ന കണക്കാണിതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എല്ലാ വിധ സഹായവും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ശിശുക്ഷേമ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് പുതുതായി 2,08,921 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,157 പേര്‍ കോവിഡ് മൂലം മരിച്ചു. 2,95,955 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version