റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് നിയമമന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മില്‍ നടന്ന ആശയവിനിമയ രേഖകള്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് എത്രത്തോളം അവഗണിച്ചാണ് സര്‍ക്കാര്‍ കരാറില്‍ ഒപ്പു വച്ചതെന്ന് വ്യക്തമാക്കുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഫ്രഞ്ച് പ്രതിനിധികളുമായിട്ടുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ ഇന്ത്യയുടെ മുഖ്യ അംഗമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കാരവാന് മാഗസീന് പുറത്തു വിട്ടു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ഇതില്‍ പ്രതിനിധിയായി പങ്കെടുക്കാന്‍ നിയമപരമായി അനുമതിയില്ലെന്നിരിക്കെ ഡോവല്‍ പങ്കെടുക്കുകയും ഇക്കാര്യം കാര്യം സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ മറച്ചു വെക്കുകയും ചെയ്തു. 2018 ഒക്ടോബര്‍ 18ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച മധ്യസ്ഥ ചര്‍ച്ച നടത്തിയവരുടെ പേര് സംബന്ധിച്ച സത്യവാങ്ങ്മൂലത്തിലാണ് ഡോവലിന്റെ പേര് മറച്ചു വച്ചത്.
2016 സെപ്തംബര്‍ 23നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലുള്ള ക്യാബിനറ്റ് കമ്മിറ്റി അംഗീകാരത്തോടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സര്‍ക്കാര്‍ തമ്മിലുള്ള കരാര്‍ എന്ന പേരില്‍ റാഫേല്‍ കരാറിലൊപ്പു വച്ചത്.
എന്നാല്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ കരാറിലേര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന വ്യവസ്ഥകള്‍ പോലും പാലിച്ചില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കരാര്‍ ലംഘനം നടന്നാല്‍ വിദേശ സര്‍ക്കാരിന് അതിന്റെ ബാധ്യത നല്‍കുന്നതും തര്‍ക്കങ്ങള്‍ എന്തെങ്കിലുമുണ്ടായാല്‍ അവ സര്‍ക്കാരുകള്‍ തമ്മില്‍ തീര്‍പ്പാക്കുന്നതുമൊന്നും കരാറില്‍ ഉള്‍പ്പെടുത്തിയില്ല.
Discussion about this post