വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ പൊട്ടിത്തെറി. വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലാണ് (എച്ച്.പി.സി.എല്‍) വന്‍ പൊട്ടിത്തെറി ഉണ്ടായത്. ആളപായമില്ലെന്നാണ് സൂചന.
പ്ലാന്റ്-3ല്‍ സ്‌ഫോടനം നടന്നതായി ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവിയും സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടം നടക്കുമ്പോള്‍ ആറു ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.എന്നാല്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശാലയില്‍നിന്ന് കനത്ത പുകയും തീയും ഉയരുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നത്.
ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂനിറ്റിലെ (സി.ഡി.യു) പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് സി.ഡി.യു താല്‍കാലികമായി അടച്ചു.
Andhra Pradesh: Fire breaks out at HPCL plant in Visakhapatnam. District fire tenders being rushed to the spot. The cause of the incident yet to be ascertained. Details awaited. pic.twitter.com/n8JNfEqslx
— ANI (@ANI) May 25, 2021