മാഡിസണ്‍ : നടക്കാനിറങ്ങിയതിനിടെ അമേരിക്കന്‍ പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയാകേണ്ടി വന്ന ഇന്ത്യന്‍ വംശജന് സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് ധാരണയായി.
2015 ഫെബ്രുവരി 6ന് നടന്ന സംഭവത്തിലാണ് തീര്‍പ്പ് കല്പ്പിച്ചിരിക്കുന്നത്.മകന്റെ കുട്ടിയെ കാണാന്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തിയതായിരുന്നു സുരേഷ് ഭായ്.പുറത്തേക്ക് നടക്കാനിറങ്ങി ഇടയ്ക്ക് വെച്ച് പോലീസുകാര്‍ സമീപിച്ച് എന്തിനാണ് പുറത്തിറങ്ങിയതെന്ന് അന്വേഷിച്ചു. ഇംഗ്ളീഷ് വശമില്ല എന്ന് പട്ടേല്‍ ആംഗ്യം കാണിക്കുകയും മകന്റെ വീട് തൊട്ടടുത്താണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തെങ്കിലും പോലീസുകാര്‍ വകവെച്ചില്ല.ഇവര്‍ ഉടനേ പട്ടേലിനെ പിടികൂടി നിലത്തടിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പോലീസുകാരിലൊരാള്‍ പട്ടേലിനെ നിലത്തേക്കിട്ട ശേഷം മര്‍ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.വീഴ്ചയില്‍ നട്ടെല്ലിന് പരുക്കേറ്റ പട്ടേലിന് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. അച്ഛന് ഇനി ഒരിക്കലും പരസഹായം കൂടാതെ നടക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ മകന് ചിരാഗ് പട്ടേല്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ തീര്‍പ്പ് കല്പ്പിച്ചിരിക്കുന്നത്. മാഡിസണ്‍ സിറ്റിക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ആയിരുന്നു പരാതി. മേയില്‍ കേസ് യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ടിലേക്ക് റഫര്‍ ചെയ്തു.
ഇദ്ദേഹം സമൂഹത്തിന് യാതൊരു വിധത്തിലും ഭീഷണി അല്ലായിരുന്നു എന്ന് പോലീസിന് മനസ്സിലാക്കാന്‍ പോലും കഴിഞ്ഞില്ല എന്നും 57 വയസ്സുള്ള ഇദ്ദേഹത്തെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് സിറ്റി അറ്റോര്‍ണിയുമായി ധാരണയ്ക്ക് തയ്യാറാവുകയായിരുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ലോകമെങ്ങുമുള്ള ഇന്ത്യന്‍ വംശജര്‍ രംഗത്ത് വന്നിരുന്നു.
Discussion about this post