കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോദാഭായ് പട്ടേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലക്ഷദ്വീപ് ബി.ജെ.പി ഘടകം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് ബി.ജെ.പി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കത്തയച്ചു.
അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്കാരങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 20-ആണ് കത്തിലെ തിയതി.ലക്ഷദ്വീപിലെ കര്‍ഷകര്‍ക്ക് നല്കി വന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെ കുറിച്ചും സ്കൂളുകള്‍ അടച്ചുപൂട്ടിയതിനെ കുറിച്ചും കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
അഡ്മിനിസ്ട്രേറ്റര്‍ ദ്വീപിലെ വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കി. ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നു. ദിനേശ്വര്‍ ശര്‍മയുടെ മരണശേഷം ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കുന്ന പ്രഫുല്‍ പട്ടേല്‍, ലക്ഷദ്വീപില്‍ വരാറില്ലെന്നും പുതിയ അഡ്മിനിസ്ട്രേറ്റര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നും മുഹമ്മദ് കാസിം ചൂണ്ടിക്കാട്ടുന്നു.
2020 ഒക്ടോബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനു ശേഷം വെറും മൂന്നുതവണ മാത്രമാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് വന്നത്. ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഹ്രസ്വസന്ദര്‍ശനങ്ങളായിരുന്നു അവ. കഴിഞ്ഞ രണ്ടുമാസമായി പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയിട്ടില്ലെന്നും കാസിം കത്തില്‍ പറയുന്നു. ലക്ഷദ്വീപില്‍ ഭരണസ്തംഭനമാണെന്നും അദ്ദേഹം പറയുന്നു.
ലക്ഷദ്വീപിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും ദ്വീപുകളിലെ ആളുകളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ആരുമില്ലെന്നും കാസിം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ലക്ഷദ്വീപ് ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പുനരാലോചന നടത്തണമെന്നും കാസിം കത്തില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
അതേസമയം അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നടപടിയെ തള്ളി വൈസ് പ്രസിഡന്റ് രംഗത്തെത്തി. കാസിമിന്റെ കത്ത് നേതൃത്വം അറിഞ്ഞു കൊണ്ടല്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നുവെന്നും കെ.പി. മുത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post