ന്യൂഡല്‍ഹി : യോഗാ ഗുരു ബാബാ രാംദേവ് നടത്തുന്ന പതഞ്ചലി ഡയറി ബിസിനസ് എക്‌സിക്യൂട്ടീവ് സുനില്‍ ബന്‍സാല്‍ കോവിഡ് ബാധിച്ച് മരിച്ചു.സുനില്‍ അലോപ്പതി ചികിത്സ സ്വീകരിച്ചതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന വാദവുമായി കമ്പനി അധികൃതരും രംഗത്തെത്തി.
ഈ മാസം 19നാണ് അമ്പത്തിയേഴ്കാരനായ ബന്‍സാല്‍ കോവിഡ് ബാധിച്ച് മരിച്ചത്.അലോപ്പതി ചികിത്‌സയ്‌ക്കെതിരെ ബാബാ രാംദേവ് നടത്തിയ വിവാദ പരാമര്‍ശത്തിന് തൊട്ട് പിന്നാലെയായിരുന്നു മരണം. അലോപ്പതി മരുന്ന് കഴിച്ച് ലക്ഷക്കണക്കിന് കോവിഡ് ബാധിതര്‍ മരിച്ചെന്നായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. ഇതിനെത്തുടര്‍ന്ന് ബന്‍സാലിന്റെ ചികിത്സയും വിവാദത്തിലായിരുന്നു.
എന്നാല്‍ ബന്‍സാലിന്റെ ചികിത്സ നടന്നത് രാജസ്ഥാന്‍ ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ജീവനക്കാരിയായ ഭാര്യയുടെ നേതൃത്വത്തിലാണെന്നും തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും പതഞ്ചലി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബാബാ രാംദേവിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുകയും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് രാംദേവ് പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു.
2018ലാണ് ബന്‍സാല്‍ പതഞ്ചലിയുടെ ഡയറി ബിസിനസ്സില്‍ ചേരുന്നത്.ഡയറി സയന്‍സില്‍ സ്‌പെഷലൈസേഷന്‍ ഉള്ള ബന്‍സാലിന്റെ കാലയളവിലാണ് പതഞ്ചലി പാലുല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാരംഭിച്ചത്.