ഗുവാഹത്തി : മുഖ്യമന്ത്രി ആയ ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനത്തിന്റെ അവസാന ദിവസം പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്ത് ഹിമാന്ത ബിശ്വ ശര്‍മ.പശുക്കളെ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ശര്‍മ അറിയിച്ചു.
“പശു നമ്മുടെ അമ്മയാണ്. പശുക്കളെ ബംഗാളില്‍ നിന്ന് കടത്തുന്നത് അനുവദിക്കില്ല.പശുക്കളെ ആരാധിക്കുന്ന സ്ഥലങ്ങളില്‍ ഗോമാംസം കഴിക്കാന്‍ പാടില്ല.ഇതിനര്‍ത്ഥം എല്ലാവരും ഉടനടി ശീലങ്ങള്‍ മാറ്റണമെന്നല്ല.”ശര്‍മ പറഞ്ഞു.പശു കശാപ്പ് നിയമപരമായി അവസാനിപ്പിക്കണമെന്നും നിയമവിരുദ്ധമായ പശുക്കച്ചവടം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പശു സംരക്ഷണത്തിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് ഗവര്‍ണര്‍ ജഗദീഷ് മുഖി മുമ്പ് പ്രഖ്യാപിച്ചിരുന്നു.15ആം നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച സമയത്തായിരുന്നു ഇത്. പശു വിശുദ്ധ മൃഗമാണെന്നും അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഗോസംരക്ഷണ ബില്‍ പ്രകാരം കന്നുകാലികളെ കടത്തുന്നത് പൂര്‍ണമായും നിരോധിക്കും എന്നുമാണ് ഗവര്‍ണര്‍ അന്ന് പറഞ്ഞത്.
പശു കശാപ്പ് നിരോധന നിയമം 1950ല്‍ തന്നെ അസ്സമില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ സെക്ഷന്‍ 5 പ്രകാരം കശാപ്പ് ചെയ്യാന്‍ യോഗ്യമായവയെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കശാപ്പ് ചെയ്യാം. 14 വയസ്സിന് മുകളില്‍ ഉള്ളവയെയും അസുഖം ബാധിച്ചതെന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളവയെയും കശാപ്പ് ചെയ്യാന്‍ അനുവാദമുണ്ട്. അധികൃതര്‍ അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമേ കശാപ്പ് പാടുള്ളൂ. ഈദിന് സെക്ഷന്‍ 13 പ്രകാരം ഇളവുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശു കശാപ്പ് നിരോധിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. അനധികൃതമായി പശുകടത്തും കശാപ്പും ചെയ്താല്‍ 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കര്‍ണാടകയും മധ്യപ്രദേശും സമാനമായ നിയമങ്ങള്‍ കൊണ്ടുവന്നു. കര്‍ണാടകയില്‍ കശാപ്പിനായി പശുക്കളെ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചു. 3-7 വര്‍ഷം തടവും 50000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ പിഴയുമാണ് ശിക്ഷ.മധ്യപ്രദേശ് സര്‍ക്കാരിന് പശു കാബിനെറ്റും ഉണ്ട്.
Discussion about this post