ബംഗളൂരു: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട അമ്മയുടെ ഫോണ്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയതില്‍ കണ്ണീര് അപേക്ഷയുമായി ഒന്‍പതു വയസുകാരി മകള്‍ ഹൃത്വിക്ഷ. മടിക്കേരി ടൗണിലെ കോവിഡ് ആശുപത്രിക്കെതിരെ സംഭവത്തില്‍ ഹൃത്വിക്ഷ കുടക് പോലീസിന് പരാതി നല്കി.
കുശല്‍നഗര്‍ സ്വദേശിയായ ഹൃത്വിക്ഷയുടെ അമ്മ പ്രഭ മേയ് 16നാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. അമ്മയുടെ ഫോണില്‍ നിരവധി ഫോട്ടോകളുണ്ടെന്നും അതെല്ലാം പ്രിയപ്പെട്ട ഓര്‍മകളാണെന്നും ഹൃത്വിക്ഷ നിറകണ്ണുകളോടെ പറയുന്നു. ആ ഫോണ്‍ തിരികെ നല്‍കണമെന്നും ഹൃത്വിക്ഷ അപേക്ഷിക്കുന്നുണ്ട്.
ഫോണിലേക്കു വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ് എന്നാണു കേള്‍ക്കുന്നതെന്നു ഹൃത്വിക്ഷയുടെ അമ്മായി ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
ഹൃത്വിക്ഷയുടെ അപേക്ഷ;
‘അമ്മയും അച്ഛനും ഞാനും കോവിഡ് പോസിറ്റീവായിരുന്നു. മടിക്കേരിയിലെ കോവിഡ് ആശുപത്രിയിലാണ് അമ്മയെ പ്രവേശിപ്പിച്ചത്. അച്ഛനും ഞാനും വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. അച്ഛനു കൂലിപ്പണിക്കു പോകാന്‍ സാധിക്കാത്തതിനാല്‍ അയല്‍ക്കാരാണ് ഈ ദിവസങ്ങളില്‍ സഹായിച്ചത്. ആശുപത്രിയില്‍ അമ്മ മരിച്ചതിനു പിന്നാലെ ഫോണ്‍ കാണാതായി. എന്റെ അമ്മയുടെ ഓര്‍മകളാണതില്‍. ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിലോ കണ്ടാലോ ദയവായി തിരിച്ചുതരണം.
ഹൃത്വിക്ഷയുടെ പിതാവിന്റെ വാക്കുകള്‍;
‘പ്രഭയുടെ മറ്റു സാധനങ്ങളെല്ലാം ആശുപത്രിയില്‍നിന്നു കിട്ടിയെങ്കിലും മൊബൈല്‍ കൂട്ടത്തിലുണ്ടായിരുന്നില്ല. ജില്ലാ ഭരണാധികാരികള്‍, എംഎല്‍എ, മാധ്യമങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍.. ആരാണോ ചുമതലപ്പെട്ടവര്‍ അവര്‍ ഫോണ്‍ കണ്ടുപിടിക്കാന്‍ സഹായിക്കണം. എന്റെ മകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍, ഞങ്ങളുടെ നിരവധി ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍ എല്ലാം ആ മൊബൈലിലാണ്’.
Discussion about this post