യാസ് ചുഴലിക്കാറ്റ് : ആന്ധ്രയ്ക്കും ഒഡിഷയ്ക്കും 600 കോടി, ബംഗാളിന് 400 കോടി,യുക്തി മനസ്സിലാകുന്നില്ലെന്ന് മമത

Cyclone yaas | Bignewsllive

ന്യൂഡല്‍ഹി : യാസ് ചുഴലിക്കാറ്റ് നേരിടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കൊടുത്ത വിഹിതത്തില്‍ ബംഗാളിന് തുക കുറഞ്ഞതിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ഒഡിഷയ്ക്കും ആന്ധ്രാ പ്രദേശിനും 600 കോടി വീതം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ ബംഗാളിന് 400കോടിയാണ് അനുവദിച്ചത്. ഒഡിഷ, ആന്ധ്ര മുഖ്യമന്ത്രിമാരും ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തിലാണ് ആദ്യഘഡുവായി തുക പ്രഖ്യാപിച്ചത്.

തുക പ്രഖ്യാപിച്ചതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് മമത പറഞ്ഞു. ഉംപുന്‍ ചുഴലിക്കാറ്റിനേക്കാള്‍ രൂക്ഷമായി യാസ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. ഇതിനെ നേരിടുന്നതിന് അനുവദിച്ച തുക പോലും ലഭിച്ചില്ല. പത്ത് ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. 20ജില്ലകളെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കും.4000 ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കിയെന്നും മമത അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റും അതിനടുത്ത 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റുമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 160കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

Exit mobile version