ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഇറച്ചിവില്‍പ്പനക്കാരനെ തടഞ്ഞ് നിര്‍ത്തി ആക്രമണം.ഗോസംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യപ്രതിയായ മനോജ് ഠാക്കൂറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്ക് പുറമേ മറ്റ് ചില പ്രതികള്‍ കൂടി ഒളിവിലാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഇറച്ചിവില്‍പ്പനക്കാരനായ മുഹമ്മദ് ഷാക്കിര്‍ എന്നയാളെ മനോജും സംഘവും ആക്രമിച്ചത്. ഇറച്ചിയുമായി പോവുകയായിരുന്ന ഷാക്കിറിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.50,000 രൂപ ആവശ്യപ്പെട്ട പ്രതികള്‍ പിന്നീട് ഷാക്കിറിനെ മര്‍ദിച്ചെന്നാണ് ഇയാളുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്.അതേസമയം ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിനും രേഖകളില്ലാതെ ഇറച്ചി കൊണ്ട്‌പോയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്‍ ഷാക്കിറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.അതിനിടെ ഒളിവിലുള്ള മനോജ് ഠാക്കൂര്‍ വിശദീകരണവുമായി രംഗത്തെത്തി.
ഗോവധം തടയാനാണ് താന്‍ ശ്രമിച്ചതെന്നും തനിക്കൊപ്പം ഒരു പൊലീസ് സംഘത്തെ വിട്ടുനല്‍കിയാല്‍ ഈ സംഘത്തെ തുറന്ന് കാട്ടാമെന്നും മനോജ് ഠാക്കൂര്‍ പറഞ്ഞു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇടിച്ചിടാന്‍ നോക്കി. താന്‍ ഗോവധം തടയാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ഇയാള്‍ പ്രസ്താവനയില്‍ പറഞ്ഞു.