ന്യൂഡൽഹി:കോവിഡിനേക്കാൾ അപകടകാരി അലോപ്പതി മരുന്നാണെന്ന വിവാദ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് യോഗാ ഗുരു ബാബാ രാംദേവ്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ വലിയ വിവാദമായതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആരോഗ്യ മന്ത്രി ഹർഷ വർധനും വിമർശനവുമായി രംഗത്തെത്തിയിരുന്നു. പരാമർശം പിൻവലിക്കണമെന്ന് ഡോക്ടർ കൂടിയായ വർധൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് രാംദേവ് പ്രസ്താവന പിൻവലിച്ചത്. അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയിൽ രാംദേവ് പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.
‘ഡോ.ഹർഷ വർധൻ താങ്കളുടെ കത്ത് ലഭിച്ചു. ഈ സാഹചര്യത്തിൽ വ്യത്യസ്ത ചികിത്സാ രീതികളെ കുറിച്ചുള്ള മുഴുവൻ വിവാദങ്ങളും അവസാനിപ്പിക്കാൻ ഖേദത്തോടെ ഞാൻ എന്റെ പ്രസ്താവന പിൻവലിക്കുകയാണ്’-ബാബാ രാംദേവ് ട്വീറ്റ് ചെയ്തു.
‘യോഗയും ആയുർവേദവും ആരോഗ്യത്തെ സമർത്ഥമാക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് പരിമിതികളുണ്ട്. അത് രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയേ നൽകുന്നുള്ളൂ. അതേ സമയം യോഗയും ആയുർവേദവും വ്യവസ്ഥപരമായ ചികിത്സ നൽകുന്നു’ രാംദേവ് തൊട്ടുപിന്നാലെ തന്നെ റിട്വീറ്റുമായി രംഗത്തെത്തിയതും ശ്രദ്ധേയമായി. നിലപാടുകൾ മാറ്റാതെ ഹർഷവർധൻ മുന്നറിയിപ്പ് നൽകിയതുകൊണ്ടുള്ള താൽക്കാലിക പിന്മാറ്റമാണ് തന്റേതെന്ന് തെളിയിക്കുകയാണ് രാംദേവ്.
അലോപ്പതി ചികിത്സാരീതിക്കെതിരെ യോഗ ഗുരു ബാബാ രാംദേവ് ഉന്നയിച്ച പരാമർശങ്ങൾ രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിക്കുന്നവയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് നിരീക്ഷിച്ചത്. സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന ആരോഗ്യപ്രവർത്തകർ രാജ്യത്തെ പൗരന്മാർക്ക് ദൈവത്തെ പോലെയാണ്. ആ പൗരന്മാരെ കൂടിയാണ് നിങ്ങൾ അപമാനിച്ചത്. വിവാദ പരാമർശത്തിൽ രാംദേവ് കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും പരാമർശം പിൻവലിക്കണമെന്നും ഹർഷ വർധൻ രാംദേവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ബാബ രാംദേവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നേരത്തെ രംഗത്തുവന്നിരുന്നു.
അതേസമയം, കോവിഡിനെ സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് രാംദേവിന്റെ പതഞ്ജലി പുറത്തിറക്കുന്ന മരുന്നിന്റെ പരസ്യ ചടങ്ങിൽ ആരോഗ്യ മന്ത്രി ഹർഷ വർധൻ പങ്കെടുത്തത് വിവാദമായിരുന്നു.
Discussion about this post