ചെന്നൈ : ചെന്നൈ കെ.കെ നഗര്‍ പി.എസ്.ബി.ബി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകന്‍ ഒ.രാജഗോപാലിനെിരെ വിദ്യാര്‍ഥികളുടെ പരാതി.അധ്യാപകന്‍ അശ്‌ളീലസന്ദേശങ്ങള്‍ അയക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ വെറും തോര്‍ത്ത് മാത്രം ഉടുത്താണ് പങ്കെടുക്കാറുള്ളതെന്നും കുട്ടികള്‍ പറയുന്നു.ഒട്ടേറെ വിദ്യാര്‍ഥികളാണ് സമൂഹമാധ്യമങ്ങളിലൂടെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും പെണ്‍കുട്ടികളോട് ചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങളെക്കുറിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്.
സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികളാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയതെങ്കിലും തുടര്‍ന്ന് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളും അധ്യാപകനില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു. അധ്യാപകന്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായും മോശം രീതിയില്‍ സ്പര്‍ശിച്ചിരുന്നതായും പൂര്‍വ്വവിദ്യാര്‍ഥികളില്‍ പലരും പറഞ്ഞു. പരാതിപ്പെട്ടാല്‍ ഗ്രേഡ് കുറയ്ക്കും എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അധ്യാപകനെതിരെ ഉടന്‍ നടപടി സ്വീകരിക്കണം എന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
വിഷയം വലിയ ചര്‍ച്ചയായതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീത ഗോവിന്ദരാജനും പി.എസ്.ബി.ബി ഗ്രൂപ്പ് ഡയറക്ടര്‍ ഷീല രാജേന്ദ്രനും അറിയിച്ചു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും വിഷയത്തില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.നിരവധി കുട്ടികള്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.എം.കെ എംപി മാരായ കനിമൊഴിയും ദയാനിധി മാരനും രംഗത്തെത്തി.
Discussion about this post