ന്യൂഡല്‍ഹി : സ്വവര്‍ഗവിവാഹം നിയമപരമായി അംഗീകരിക്കാനുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ജൂലൈ ആറ് വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അത്യാവശ്യ ഹര്‍ജികള്‍ മാത്രം പരിഗണിച്ചാല്‍ മതി എന്ന നിലപാട് കണക്കിലെടുത്താണിത്.
കോവിഡുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ തന്നെ നിരവധിയാണെന്നും അത്യാവശ്യമായി തീര്‍പ്പ് കല്‍പ്പിക്കേണ്ട കേസുകള്‍ മാത്രമേ ഇപ്പോള്‍ പരിഗണിക്കേണ്ട ആവശ്യമുള്ളൂ എന്നും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.ജനങ്ങള്‍ ചികിത്സയ്ക്കായി ആശുപത്രികള്‍ കയറി ഇറങ്ങുകയാണ്.വിവാഹ സര്‍ട്ടിഫിക്കറ്റ് ചികിത്സ ലഭിക്കാനുള്ള മാനദണ്ഡമല്ല.വിവാഹസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ആരും മരിക്കുന്നും ഇല്ല.മേത്ത കൂട്ടിച്ചേര്‍ത്തു.
അതേ സമയം രാജ്യത്തെ എഴുപത് ലക്ഷത്തോളം ആളുകളെ ബാധിക്കുന്ന കാര്യമാണിതെന്നും മറ്റേതൊരു കാര്യത്തിനോളം പ്രാധാന്യം ഇക്കാര്യത്തിനുമുണ്ടെന്നും ഹര്‍ജിക്കാരില്‍ ഒരാളായ മുതിര്‍ന്ന അഭിഭാഷക മേനക ഗോസ്വാമി അറിയിച്ചു. നേരത്തേ സ്വവര്‍ഗവിവാഹം മൗലികാവകാശം അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു.ഇന്ത്യന്‍ വ്യവസ്ഥിതി അനുസരിച്ച് സ്ത്രീയ്ക്കും പുരുഷനും മാത്രമേ വിവാഹം സാധ്യമാകുകയുള്ളൂ എന്നാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. സ്വവര്‍ഗവിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന് സുപ്രീം കോടതിയിലും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഹിന്ദു വിവാഹ നിയമം,സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, ഫോറിന്‍ മാര്യേജ് ആക്ട് എന്നിവ പ്രകാരം സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് കോടതിയിലെത്തുന്നത്.