മീററ്റ്: മിഗ് വിമാനങ്ങൾ അപകടത്തിൽപ്പെടുന്നതും രാജ്യത്തിന്റെ തന്നെ സമ്പത്തായ യുവവൈമാനികരും വ്യോമസേനയിലെ കരുത്തുറ്റ പോരാളികളും പതിവായിരിക്കുകയാണ്. വർഷങ്ങളായി അപകടങ്ങൾ സൃഷ്ടിച്ചിട്ടും മിഗ് വിമാനങ്ങളെ സർക്കാർ പിൻവലിക്കാൻ തയ്യാറാകുന്നില്ലെന്നാണ് ഉയരുന്ന പരാതി.
കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേനയുടെ മിഗ്21 വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ വലിയ രോഷമാണ് ഉയരുന്നത്. സ്‌ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരിയാണ് മിഗ് വിമാനം അപകടത്തിൽപ്പെട്ട് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സ്‌ക്വാഡ്രൺ ലീഡർ അഭിനവിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യോമസേന അറിയിച്ചു.
മകനെ നഷ്ടപ്പെട്ട അഭിനവ് ചൗധരിയുടെ പിതാവും കർഷകനുമായ സതേന്ദ്ര ചൗധരി സർക്കാരിനോട് കൈകൂപ്പി അപേക്ഷിക്കുകയാണ് ഇനിയെങ്കിലും കാലഹരണപ്പെട്ട ഈ വിമാനങ്ങൾ പിൻവലിക്കണമെന്ന്.
പഞ്ചാബിലെ മൊഗാ മേഖലയിൽ പതിവ് പരിശീലന പറക്കലിനിടെയാണ് അഭിനവ് ചൗധരി പറത്തിയ മിഗ് വിമാനം അപകടത്തിൽപ്പെട്ടത്. ‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു, കാലഹരണപ്പെട്ട വിമാനങ്ങൾ സർക്കാർ പിൻവലിക്കണം. മറ്റുള്ളവരുടെ ജീവൻകൂടി ഇനിയും നഷ്ടപ്പെടരുത്. അവ നിർത്താൻ ഞാൻ സർക്കാരിനോട് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു’-കോപത്തോടെയും കണ്ണീരോടെയും കർഷകനായ സതേന്ദ്ര ചൗധരി പ്രതികരിക്കുന്നു.
അഭിനവിന്റെ അമ്മയും സഹോദരിയും ഭാര്യ സോണിക ചൗധരിയും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടെയാണ് അപകടവാർത്ത തേടിയെത്തിയത്. 2019 ഡിസംബറിലാണ് അഭിനവ് വിവാഹിതനായത്. മെയിൽ അവധിക്ക് വീട്ടിലെത്താനിരുന്നതായിരുന്നു. എന്നാൽ കോവിഡ് കാരണം അതിന് സാധിച്ചില്ല. ഇതിനിടെ കുടുംബത്തെ തേട് മരണവാർത്ത എത്തിയത് ഇവർക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.
കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടെ 14 ഓളം മിഗ് വിമാനങ്ങളാണ് തകർന്നുവീണത്. ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടത്താത്തതെന്നും മിഗ് വിമാനങ്ങൾ മാത്രം തകരുന്നത് എന്തുകൊണ്ടൈന്നും അഭിനവിന്റെ ബന്ധുവും കർണാലിലെ ഡോക്ടറുമായ അനുജ് ടോകാസ് ചോദിക്കുന്നു.