റായ്പൂര്‍: അധികാരം ഒഴിയുന്നതിന് തൊട്ടു മുന്‍പ് ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ തീയിട്ട് നശിപ്പിച്ചത് നൂറുകണക്കിന് ഫയലുകള്‍. ആഭ്യന്തര വകുപ്പ് മന്ത്രി റാം സേവക് പക്രയുടെ ഔദ്യോഗിക വസതിയിലുണ്ടായിരുന്ന ഔദ്യോഗിക രേഖകളാണ് നശിപ്പിച്ചത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും വസതിയില്‍ നിയമിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാരുമാണ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഫയലുകള്‍ തീയിട്ട് ഇല്ലാതാക്കിയത്.
ശനിയാഴ്ച രാവിലെ വസതിക്ക് പിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് നൂറുകണക്കിന് ഫയലുകളും മറ്റ് രേഖകളും കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും ചിത്രം വ്യാപകമാവുന്നുണ്ട്. വ്യാഴാഴ്ച സംസ്ഥാന ഇന്റലിജന്‍സ് വകുപ്പിന്റെ രേഖകളും ഫയലുകളും തീയിട്ടു നശിപ്പിച്ചിരുന്നു. അവന്തി വിഹാറിന് പിന്നില്‍ സുന്ദനേശ് മേഖലയിലാണ് ഈ ഫയലുകള്‍ കൂട്ടിയിട്ട് കത്തിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു ഫയലുകള്‍ നശിപ്പിച്ചത്. രണ്ടു ട്രക്കുകളില്‍ എത്തിച്ച ഫയലുകളാണ് തീയിട്ടത്.
സംസ്ഥാന ഇന്റലിജന്‍സ് ആസ്ഥാനത്തും മറ്റ് ഓഫീസുകളിലുമുള്ള ഫയലുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഇന്റലിജന്‍സ് ബ്യൂറോ സൂപ്രണ്ട് എസ് എസ് ഷോറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വസതിയിലെ ഫയലുകളും നശിപ്പിച്ചിരിക്കുന്നത്.
ഔദ്യോഗിക വസതി ഒഴിയുന്നതിന്റെ ഭാഗമായി ആവശ്യമില്ലാത്ത വസ്തുക്കളാണ് കത്തിച്ചതെന്നായിരുന്നു വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ റാം സേവകിന്റെ വിശദീകരണം. എന്നാല്‍ ഇത് സംശയാസ്പദമാണ്. മന്ത്രിയുടെ വസതിയില്‍ ഫയലുകള്‍ അവശേഷിക്കുന്നുവെങ്കില്‍ അവ സെക്രട്ടേറിയറ്റിലേക്ക് തിരികെ നല്‍കണമെന്നാണ് ചട്ടമെങ്കിലും ഫയലുകള്‍ കത്തിച്ചുകളയുകയാണ് ചെയ്തത്.
Discussion about this post