ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഒഡീഷയ്ക്കും പശ്ചിമബംഗാളിനും കേന്ദ്രം നിര്‍ദേശം നല്കി.മെയ് 26ഓടെ യാസ് ചുഴലിക്കാറ്റ് കര തൊട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.
നാളെ രാവിലെയോടെ ന്യൂനമര്‍ദം ശക്തിപ്പെടാനാണ് സാധ്യത. ഇത് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മെയ് 24ഓടെ ചുഴലിക്കാറ്റായും അടുത്ത ഇരുപത്തിനാല് മണിക്കൂറില്‍ അതിശക്തമായ ചുഴലിക്കാറ്റായും മാറുമെന്നാണ് കരുതുന്നത്.തുടര്‍ന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26ന് രാവിലെ പഞ്ചിമ ബംഗാളിനും വടക്കന്‍ ഒഡിഷ തീരത്തിനുമിടയില്‍ എത്തിച്ചേര്‍ന്ന് മെയ് 26ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കന്‍ തീരത്തിനുമിടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആന്ധ്രപ്രദേശ്, തമിഴ്നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷയിലെ 30 ജില്ലകളില്‍ 14 എണ്ണത്തിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെയും തീര ദേശ സംരക്ഷണ സേനയുടെയും സഹായം ഒഡീഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും മെയ് 22 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മീ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Discussion about this post