മുംബൈ : അറബിക്കടലില്‍ പി-305 ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ ബാര്‍ജ് ക്യാപ്റ്റന്‍ രാജേഷ് ഭല്ലവിനെതിരെ ഐപിസി 304(2), 338,34 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അപകടത്തില്‍ രക്ഷപെട്ട ബാര്‍ജ് എഞ്ചിനീയര്‍ മുസ്താഫിസുര്‍ റഹ്മാന് ഷെയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഒരാഴ്ച മുന്‍പ് ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് കിട്ടിയതാണെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അപ്പോള്‍ തന്നെ ക്യാപ്റ്റന്‍ തീരുമാനിച്ചിരുന്നെങ്കില്‍ എല്ലാ ജീവനക്കാരെയും രക്ഷിക്കാമായിരുന്നുവെന്നും റഹ്മാന് ഷെയ്ഖ് നേരത്തേ ആരോപിച്ചിരുന്നു. ദക്ഷിണ മുംബൈയിലെ ആശുപത്രിയില്‍ കഴിയുകയാണ് ഷെയ്ഖ്. ജീവനക്കാരുടെ സുരക്ഷയ്ക്കായി ഒരു സജ്ജീകരണങ്ങളും ക്യാപ്റ്റന്‍ നടത്തിയിട്ടില്ലെന്നാണ് എഫ്ഐആറിലും പറയുന്നത്.
തിങ്കളാഴ്ചയാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ ബാര്‍ജ് മുങ്ങി അപകടമുണ്ടാകുന്നത്. നാവികസേനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 188പേരോളം ബാര്‍ജില്‍ ഉണ്ടായിരുന്നു.ഇതില്‍ 51 പേരുടെ മൃതദേഹം കണ്ടെടുത്തു. മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. ആറ് മലയാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷ്, കല്‍പ്പറ്റ പനമരം ഏച്ചോം മുക്രമൂല പുന്നന്താനം ജോമിഷ് ജോസഫ്, കോട്ടയം പൊന്‍കുന്നം സ്വദേശി സസിന് ഇസ്മായില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
Discussion about this post