ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് അഥവാ മ്യുക്കോർമൈക്കോസിസ് അസുഖം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമത്തിനു കീഴിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
ഇതോടെ ബ്ലാക്ക് ഫംഗസ് എന്ന് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ എല്ലാ കേസുകളും ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടി വരും. എല്ലാ സർക്കാർസ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും മ്യൂക്കോർമൈക്കോസിസിന്റെ പരിശോധനയും മറ്റുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അയച്ച കത്തിൽ നിർദേശിക്കുന്നുണ്ട്.
മഹാരാഷ്ട്രയിൽ 1,500 പേർക്ക് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 90 മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കഴിഞ്ഞു.
തമിഴ്നാട്ടിൽ ഇതുവരെ ഒരു ബ്ലാക്ക് ഫംഗസ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനം ബ്ലാക്ക് ഫംഗസിനെ പബ്ലിക് ഹെൽത്ത് ആക്ടിനു കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post