ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചകളില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ ബിബിസി മാതൃകയില്‍ അന്താരാഷ്ട്ര ചാനല്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
അന്താരാഷ്ട്രമാധ്യമങ്ങളില്‍ നിന്നടക്കം കേന്ദ്രസര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രസാര്‍ ഭാരതി ഇന്ത്യയുടെ അന്താരാഷ്ട്ര മുഖമാകുന്ന ഒരു ടെലിവിഷന്‍ ചാനലിന് രൂപം നല്‍കാനൊരുങ്ങിയിരിക്കുന്നത്.
ആഗോളനിലവാരത്തിലുള്ള ബിബിസി പോലൊരു ചാനല്‍ സജ്ജീകരിക്കാന്‍ പ്രസാര്‍ ഭാരതി ദീര്‍ഘകാലമായി ആലോചിച്ചുവരികയായിരുന്നു. ഈ സവിശേഷ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആധികാരികമായ വാര്‍ത്തകള്‍ ലോകത്തെമ്പാടുമെത്തിക്കുന്ന ചാനലിനായി പ്രസാര്‍ ഭാരതി ടെന്‍ഡര്‍ തയ്യാറാക്കുകയായിരുന്നു.
ആഭ്യന്തരവും അന്താരാഷ്ട്ര പ്രാധാന്യവുമുള്ള സംഭവങ്ങളെ രാജ്യത്തിന്റെ കാഴ്ച്ചപ്പാടിലൂടെ നോക്കിക്കാണും വിധത്തിലുള്ള ഒരു ചാനലായി ദൂരദര്‍ശന്‍ ഇന്റര്‍നാഷണല്‍ മാറണം എന്ന ലക്ഷ്യമാണ് പ്രസാര്‍ ഭാരതിക്കുള്ളതെന്ന് ടെന്‍ഡറിലൂടെ വ്യക്തമാകുന്നു. ആധികാരികവും വിശ്വാസയോഗ്യവുമായ വാര്‍ത്തകളുടെ പ്രഥമ സോഴ്സായി ദൂരദര്‍ശന്‍ ഇന്റര്‍നാഷണലിനെ മാറ്റിത്തീര്‍ക്കാനാണ് പ്രസാര്‍ ഭാരതി ഉദ്ദേശിക്കുന്നത്.
ഡിഡി ഇന്റര്‍നാഷണലിനായി ലോകത്ത് വിവിധയിടങ്ങളില്‍ ബ്യൂറോകള്‍ സ്ഥാപിക്കുമെന്നും ടെന്‍ഡര്‍ വ്യക്തമാക്കുന്നു. ഇതിനായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി ലൊക്കേഷനുകള്‍ കണ്ടെത്തുകയും റോഡ് മാപ്പുകള്‍ തയ്യാറാക്കുകയും വേണം. ആഴ്ച്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ചാനല്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളായ ദി ഗാര്‍ഡിയന്‍, ടൈം മാസിക മുതലായവ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനായി ബിജെപി ബന്ധമുള്ള ലേഖകന്‍ ഡെയ്ലി ഗാര്‍ഡിയനെന്ന മാധ്യമത്തില്‍ ഒരു ലേഖനമെഴുതിയത് വിവാദമായിരുന്നു.
Discussion about this post