ന്യൂഡൽഹി: ജനങ്ങൾ കോവിഡും ലോക്ക്ഡൗണും കാരണം കഴിഞ്ഞ ഒരു വർഷത്തിലേറെയായി ദുരിതത്തിലായപ്പോൾ ഇതേ ജനങ്ങളെ പിഴിഞ്ഞ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലാഭം കൊയ്തിരിക്കുകയാണ് എണ്ണക്കമ്പനികൾ. അടിക്കടിയുള്ള എണ്ണവില വർധനവിലൂടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടക്കം സ്വന്തമാക്കിയത് റെക്കോർഡ് ലാഭമാണ്. 2020-21 സാമ്പത്തികവർഷം 21,683 കോടി രൂപയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലാഭമുണ്ടാക്കിയത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 8000 കോടിയിലേറെ രൂപയാണ് ലാഭം.
കോവിഡിൽ ജനങ്ങൾ നരകിക്കുമ്പോൾ അവശ്യസേവനങ്ങളിൽ ഒന്നായ ഇന്ധനത്തിന്റെ വിലകൂട്ടി എണ്ണക്കമ്പനികൾ കൊള്ളലാഭം ഉണ്ടാക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 5.23 ലക്ഷം കോടിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വരുമാനം. കോവിഡ് മൂലം ലോക്ക്ഡൗണും മറ്റ് പ്രതിസന്ധികളും നിലനിൽക്കുമ്പോഴും ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം ആണ് ഐഒസി ഉണ്ടാക്കിയത്. 21,683 കോടി കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി ലാഭമുണ്ടാക്കിയപ്പോൾ കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 8781 കോടി രൂപയും ലാഭമുണ്ടാക്കാനായി.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പെട്രോൾ വില ശരാശരി 73 രൂപയും ഡീസലിന് 68 രൂപയുമായിരുന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറം കേരളത്തിൽ പെട്രോൾ വില 95 രൂപയ്ക്ക് അടുത്താണ്. ഡീസൽ വിലയാകട്ടെ 90 രൂപയിലേക്ക് നീങ്ങുന്നു.
അതേസമയം, ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് ഒന്നര രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അസംസ്കൃത എണ്ണ ശുദ്ധീകരണം വഴി കൂടുതൽ വരുമാനം ഉണ്ടാക്കിയതാണ് ലാഭം കൂടാൻ കാരണമെന്നാണ് ഐഒസിയുടെ വിശദീകരണം. ജനുവരി മുതൽ മാർച്ച് വരെ 1.63 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വരുമാനം. തൊട്ടുമുൻ വർഷം ഇതേകാലയളവിൽ ഇത് 1.39 ലക്ഷം കോടിയായിരുന്നു.
Discussion about this post