ന്യൂഡൽഹി: കോവിഡ് 19 പരിശോധന ഇനി വീടുകളിലും വെച്ച് നടത്താമെന്ന് ഐസിഎംആർ. ഇതിനായുള്ള അനുമതിയും നൽകിയിട്ടുണ്ട്. റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്താമെന്നാണ് നിർദേശം. പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകൾ ഉടൻ വിപണിയിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പരിശോധനാരീതി മനസ്സിലാക്കുന്നതിന് മൊബൈൽ ആപ്പും പുറത്തിറക്കും.
കോവിസെൽഫ് ടിഎം കോവിഡ് 19 ഒടിസി ആന്റിജൻ എൽഎഫ് എന്ന ഉപകരണം പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈലാബ് ഡിസ്‌കവറി സൊല്യൂഷൻസ് ലിമിറ്റഡ് ആണ് നിർമിക്കുന്നത്. ആപ്പിൽ നിർദേശിച്ച രീതിയിൽ ടെസ്റ്റ് നടത്താം. ആപ്പ് പ്ലേസ്റ്റേറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പരിശോധന എങ്ങനെയാണ് നടത്തേണ്ടത് എന്നത് സംബന്ധിച്ച മാർഗനിർദേശങ്ങളെല്ലാം ആപ്പിൽ ലഭ്യമാണ്.
കോവിഡ് പോസിറ്റീവായ വ്യക്തികളുമായി നേരിട്ട് സമ്പർക്കമുണ്ടായവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താം. പരിശോധനയിൽ പോസിറ്റീവാകുന്നവരെ കോവിഡ് പോസിറ്റീവായി കണക്കാക്കും. ഇവർക്ക് വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. എന്നാൽ പരിശോധനയിൽ നെഗറ്റീവായ രോഗലക്ഷണങ്ങൾ ഉളളവർ സ്ഥിരീകരണത്തിനായി ആർടിപിസിആർ കൂടി ചെയ്യേണ്ടതുണ്ട്. അതേസമയം, വീട്ടിൽ പരിശോധന നടത്താനുള്ള ഈ കിറ്റുകൾ പുറത്തിറങ്ങുന്നതോടെ ലബോറട്ടറികളിലെ തിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.