മുംബൈ: ടൗട്ടേ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ മുംബൈ തീരത്ത് അപകടത്തിൽപ്പെട്ട ബാർജിലുണ്ടായിരുന്ന 22 പേർ മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചു. അറബിക്കടലിൽ അപകടത്തിൽപ്പെട്ട പി-403 ബാർജിലുണ്ടായിരുന്ന 22 പേരാണ് മരിച്ചത്. 53പേരെ കാണാതായിട്ടുമുണ്ട്. നാവികസേനയുടെ തെരച്ചിലിൽ ബാർജിൽ കുടുങ്ങിയ 186പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ഒഴുകുന്ന ഭീമൻ ചങ്ങാടങ്ങളാണ് ബാർജുകൾ. ഇതിൽ 261 പേരുമായി പോയ ബാർജ് ആണ് മുങ്ങിയത്. തിരച്ചിലിൽ ബാർജിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുമായി ഐഎൻഎസ് കൊച്ചി കപ്പൽ ഇന്ന് രാവിലെ മുംബൈ തുറമുഖത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാവികസേന കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ‘ഭയനാകരമായ അവസ്ഥയായിരുന്നു. ഞങ്ങൾ രക്ഷപ്പെടുമെന്ന് കരുതിയതല്ല. ജീവിക്കാനുള്ള ദൃഢനിശ്ചയത്തോടെ എട്ടു മണിക്കൂറോളം കടലിൽ നീന്തി. ഒടുവിൽ നാവികസേന രക്ഷപ്പെടുത്തി’- രക്ഷപ്പെട്ട 19കാരനായ മനോജ് ഗൈറ്റിന്റെ പ്രതികരണം ഇങ്ങനെ.
എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി മുംബൈയ്ക്കടുത്ത് കടലിൽ നങ്കൂരമിട്ടുകിടന്ന ബാർജുകൾ തിങ്കളാഴ്ചയാണ് ടൗട്ടേ ചുഴലിക്കാറ്റിൽ നിയന്ത്രണംവിട്ട് ഒഴുക്കിൽപ്പെട്ടത്. ഇതിൽ പി305 ബാർജ് ബോംബൈ ഹൈയിൽ മുങ്ങിപ്പോയി. ഗാൽ കൺസ്ട്രക്ടർ എന്ന ബാർജ് കാറ്റിൽപ്പെട്ട് മണ്ണിലുറച്ചു. ഗാൽ കൺസ്ട്രക്ടറിലുണ്ടായിരുന്ന 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തി. മറ്റൊരു ബാർജും എണ്ണഖനനം നടത്തുന്നതിനുള്ള റിഗ്ഗും ആഴക്കടലിലേക്ക് ഒഴുകിപ്പോയി. ബാർജിലുണ്ടായിരുന്ന പാലാ വള്ളിച്ചിറ സ്വദേശി നെടുമ്പള്ളിൽ ജോയൽ ജെയ്സണി (26)നെയും കാണാതായിട്ടുണ്ട്.
Discussion about this post