മകന്‍ ഭക്ഷണം ചോദിക്കുന്നവര്‍ക്ക് കല്ല് നല്‍കുമോ? വാക്സിന്‍ ചോദിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് ശവക്കല്ലറയിലെ കല്ല്: കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ വീഴ്ച്ച പറ്റിയ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ബൈബിള്‍ വചനം ഉദ്ധരിച്ചാണ് ശശി തരൂരിന്റെ വിമര്‍ശനം.

നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍ നിങ്ങള്‍ അവന് കല്ല് നല്‍കുമോ എന്ന വചനം ഉദ്ധരിച്ചാണ് തരൂരിന്റെ വിമര്‍ശനം. ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങള്‍ നേരിട്ട് കോവിഡ് വാക്സിന്‍ വാങ്ങാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് ശശി തരൂരിന്റെ വിമര്‍ശനം. പതിനൊന്ന് സംസ്ഥാനങ്ങളാണ് വിദേശത്ത് നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നത്.

2018ലെ പ്രളയ കാലത്ത് കേരളം ദുരിതം അനുഭവിച്ച ഘട്ടത്തില്‍ യുഎഇ സംസ്ഥാനത്തിന് നേരിട്ട് സഹായം ചെയ്യുന്നത് തടഞ്ഞ സര്‍ക്കാരാണിത്. ഇതേ മാനദണ്ഡം തന്നെയാണ് ഇപ്പോഴും ഉള്ളതെങ്കില്‍ കേന്ദ്രം നേരിട്ട് വാക്സിന്‍ എത്തിച്ചു നല്‍കാത്തിടത്തോളം, എങ്ങനെ സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാകുമെന്നും ശശി തരൂര്‍ ചോദിച്ചു.

Exit mobile version