യുപിയില്‍ റവന്യൂ മന്ത്രി കൊവിഡ് ബാധിച്ചു മരിച്ചു; വിജയ് കശ്യപ് ഉത്തര്‍പ്രദേശില്‍ കൊവിഡ് കവരുന്ന മൂന്നാമത്തെ മന്ത്രി, അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോഡി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ റവന്യൂ വകുപ്പ് മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ചു മരിച്ചു. 56കാരനായ വിജയ് കശ്യപ് മുസാഫര്‍നഗറിലെ ചര്‍താവല്‍ നിയോജകമണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് കശ്യപ്.

ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു വിജയ് കശ്യപ് മരണപ്പെട്ടത്. മന്ത്രിമാരായ കമല്‍ റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവരാണ് നേരത്തെ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. പൊതുതാത്പര്യങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു കശ്യപെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനക്കുറിപ്പില്‍ സൂചിപ്പിച്ചു.

അദ്ദേഹത്തിന്റെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുമായി വരെ അദ്ദേഹം മികച്ച ബന്ധം പുലര്‍ത്തിയിരുന്നതായും പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും അനുയായികളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മോഡി കൂട്ടിച്ചേര്‍ത്തു.

Exit mobile version